ഡല്‍ഹി: നാഗാലാന്‍ഡ് പോലീസില്‍ പിള്ളസര്‍ എന്ന് അറിയപ്പെടുന്ന എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍. റെയ്ഡ് ദേശീയ പ്രാധാന്യമുള്ളതാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശിയായ എംകെആര്‍ പിള്ള എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്പിയായിരുന്ന എംകെആര്‍ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇന്നലെയാണ് ഇദ്ദേഹത്തിന്റെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും റെയ്ഡ് നടന്നത്.
നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബിനാമി പേരുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.
നോട്ട് അസാധുവാക്കല്‍ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേര്‍ന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ റെയ്ഡ് നടത്തിയപ്പോള്‍ തങ്ങള്‍ 100 കോടിരൂപ വെളിപ്പെടുത്താമെന്ന് ഇവര്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം 400 കോടിയുടെ ആസ്തിവിവരങ്ങളാണ് ഇന്നലത്തെ റെയ്ഡില്‍ മാത്രം കണ്ടെത്തിയത്. ഇതില്‍ തന്നെ മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മൂന്ന് ഫഌറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫഌറ്റുകളും വാണിജ്യ സ്ഥാപനങ്ങളും, മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവ ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തില്‍ ശ്രീവത്സം ഗ്രൂപ്പ് കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിഇടപാട് നടത്തി. ഇതിന്റെയെല്ലാം വിശദമായ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിനാമി നിക്ഷേപങ്ങള്‍, വ്യാജ കമ്പനികള്‍ എന്നിവയുടെ പേരിലും നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ മറ്റ് കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം.
ഇപ്പോള്‍ നാഗാലാന്റ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ് എംകെആര്‍ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്. പിള്ളസാര്‍ എന്നാണ് ഇയാള്‍ നാഗാലാന്റ് പോലീസില്‍ അറിയപ്പെടുന്നത്. റെയ്ഡ് നടക്കുമ്പോള്‍ പിള്ളയുടെ വീട്ടില്‍ നിന്ന് നാഗാലാന്റ് പോലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്ക് എന്തുകൊണ്ടുവരാന്‍ ഉപയോഗിച്ചതാണെന്ന് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
Discussion about this post