തിരുവനന്തപുരം: എഡിജിപി ടോമിന് ജെ. തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സെന്‍കുമാര്‍ ആഭ്യന്തരസെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തനിക്കെതിരായ കേസിലെ വിവരങ്ങള്‍ തച്ചങ്കരി ചോര്‍ത്തിയത് നിയമനടപടികള്‍ അട്ടിമറിക്കാനാണെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.
എന്നാല്‍ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് രഹസ്യരേഖകള്‍ കൈമാറാന്‍ ഡിജിപി സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചെന്നാണ് തച്ചങ്കരിയുടെ ആരോപണം. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡിജിപി രഹസ്യരേഖകളും ടി ബ്രാഞ്ചിലെ ഫയലുകളും ആവശ്യപ്പെടുന്നത് ദുരൂഹമാണ്. ഇത് വിരമിച്ചശേഷം മറ്റുദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വിവിധ കേസുകളില്‍ തെളിവായി ഉപയോഗിക്കാനാണെന്നും നേരത്തെ സര്‍ക്കാരിനു നല്കിയ രഹസ്യറിപ്പോര്‍ട്ടില്‍ എഡിജിപി തച്ചങ്കരി ആരോപിച്ചിരുന്നു.
പോലീസ് ആസ്ഥാനത്തുവച്ച് സെന്‍കുമാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് തച്ചങ്കരി കഴിഞ്ഞദിവസം ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്കി. എന്നാല്‍ സെന്‍കുമാര്‍ ഇത് നിഷേധിച്ചു. കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും തച്ചങ്കരിയുടെ വഴിവിട്ട പ്രവൃത്തികളെ താക്കീത് ചെയ്യുകയായിരുന്നെന്നുമാണ് സെന്‍കുമാറിന്റെ പ്രതികരണം. തച്ചങ്കരിയുടെ പരാതിയില്‍ ചീഫ്സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനോട് വിശദീകരണം തേടി.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു തൊട്ടുമുമ്പ് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തു നിയമിച്ചതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെന്‍കുമാറിന്റെ നിരീക്ഷകനായി തച്ചങ്കരിയെ നിയോഗിച്ചതാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
Discussion about this post