ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി ഭരിച്ച അഞ്ച് വര്‍ഷം കൊണ്ട് ചെയ്തതിലേറെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നൂറ് ദിവസംകൊണ്ട് ചെയ്തെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നൂറ്ദിനം തികയ്ക്കുന്ന സാഹചര്യത്തിലാണ് മൗര്യയുടെ പ്രതികരണം. ഭരണം നൂറ് ദിവസം തികയുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ലഘുലേഖ തയ്യാറാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
‘36,500 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളിയ യോഗി സര്‍ക്കാരിന്റെ നടപടി രാജ്യം കണ്ട ഏറ്റവും വലിയ വായ്പ എഴുതിത്തള്ളലാണ്. യുപിയിലെ ഗ്രാമങ്ങളില്‍പ്പോലും മിനിമം പതിനെട്ട് മണിക്കൂറെങ്കിലും ഇപ്പോള്‍ വൈദ്യുതി ലഭിക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങളുടെ ഭരണത്തിന്റെ പൊന്‍തൂവലുകളാണ്. യുപിയുടെ മുഖം മാറുകയാണ്’. മൗര്യ പറഞ്ഞു.
ക്രിമിനലുകളും ഭൂമാഫിയക്കാരും ഇപ്പോള്‍ ഭയന്നാണ് കഴിയുന്നത്. രാഷ്ട്രീയപരമായി എതിര്‍പ്പുള്ളവര്‍ പൊതുജനത്തെ കയ്യിലെടുക്കാനായി പലതും പറയുമെന്നും മൗര്യ പറയുന്നു.ഒറ്റപ്പെട്ട സംഭവങ്ങള്‍ സാധാരണമാണെന്ന് അഭിപ്രായപ്പെട്ട മൗര്യ, കഴിഞ്ഞ സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയായിരുന്നുവെന്നും തങ്ങള്‍ മുഖം നോക്കാതെ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണെന്നും വ്യക്തമാക്കി.
ഷഹരന്‍പൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യുപിയിലെ ദലിതുകള്‍ ബിജെപിക്ക് എതിരാണെന്ന വാര്‍ത്ത മൗര്യ തള്ളി. ‘അതില്‍ യാഥാര്‍ത്ഥ്യം ഒന്നുമില്ല. ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ദലിത് വിഭാഗത്തില്‍ നിന്നുള്ള രാം നാഥ് കോവിന്ദിനെയാണ് ബിജെപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി തങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള ഒരാളാണെന്നത് ദലിതുകള്‍ക്ക് അഭിമാനം നല്കുന്ന കാര്യമാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്സി എസ്ടി സംവരണ സീറ്റുകളിലെല്ലാം ബിജെപിയാണ് ജയിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80 സീറ്റുകളിലും ബിജെപി വിജയിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും’. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മൗര്യ പറഞ്ഞു.
Discussion about this post