കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ പ്രതി പള്‍സര്‍ സുനി. കേസില്‍ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോടാണ് സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച് കേസ് നിര്‍ണായക വഴിത്തരിവിലെത്തി നില്‍ക്കെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചത്.
അതേസമയം ജയിലിന് പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് സുനി തന്നോട് പറഞ്ഞതായി സുനിയുടെ അഭിഭാഷകന് അഡ്വ: ബി.എ.ആളൂര്‍ പറഞ്ഞു. ജയിലില്‍ സുനി സുരക്ഷിതനാണ്. എന്നാല്‍ പുറത്തിറങ്ങിയാല്‍ ചില ഭാഗങ്ങളില്‍ നിന്നും ഭീഷണികളുണ്ട്. അതുകൊണ്ടാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്‍സര്‍ സുനി തനിക്ക് വക്കാലത്ത് ഒപ്പിട്ടു തരുകയും ജയില്‍ സൂപ്രണ്ട് വഴി ഈ അപേക്ഷ കോടതിയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നേരത്തെ, സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ താന്‍ ഹാജരാകുന്നതില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. അത് കൊണ്ട് സുനിയ്ക്ക് വേണ്ടി താന്‍ തന്നെ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.
അതേസമയം, കേസില്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന പള്‍സര്‍ സുനിയുടെ വാദം ആളൂരും ആവര്‍ത്തിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുനി തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post