കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ. സംഭവത്തിന്റെ സുപ്രധാന ഘട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്ന ആളാണ് ഞാന്‍. ആദ്യഘട്ടത്തില്‍ തന്നെ നടിയോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്താണവിടെ സംഭവിച്ചതെന്ന് ഇന്നുവരെ പോലീസ് എന്നോട് ചോദിച്ചിട്ടില്ല. ഈ കേസ് തേച്ചുമാച്ച് കളയാന്‍ താല്പര്യമില്ലായിരുന്നെങ്കില് ഞാടക്കം അവിടെ ഉണ്ടായിരുന്നവരോട് കാര്യങ്ങള്‍ ചോദിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും പി.ടി. തോമസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ആന്റോ ജോസഫിനെ കൊണ്ട് പള്‍സര്‍ സുനിയെ വിളിപ്പിച്ച പി.ടി. തോമസിനെയും ചോദ്യം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞിരുന്നു. പോലീസ് ചോദ്യം ചെയ്യലെന്ന് കേള്‍ക്കുമ്പോഴേ പേടിച്ച് രാജ്യംവിടുന്ന ആളല്ല താനെന്നും തന്നോട് ചോദ്യം ചെയ്യേണ്ടത് പോലീസിന്റെ ബാധ്യതയാണെന്നും പിടി പറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയതിനെ കളിയാക്കി പിടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ പരിശീലനം ലഭിച്ചിരിക്കാമെന്ന സിപിഎം ജില്ല സെക്രട്ടറി പി രാജീവ് പറഞ്ഞിരുന്നു. ഒരു വിഷയത്തില്‍ പ്രതികരിക്കാന്‍ പൊതുപ്രവര്ത്തകന് എവിടെയും പരിശീലനം ലഭിക്കേണ്ട കാര്യമില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സന്ദര്‍ഭവശാല്‍ പറഞ്ഞതാണ് പി. രാജീവ് എത്താന്‍ വൈകി എന്നത്. അതൊരു കുറ്റമായി പറഞ്ഞതല്ല. അതിന് അദ്ദേഹം ഇത്ര രൂക്ഷമായി പ്രതികരിച്ചത് കുറ്റബോധം മൂലമാകാം. ഒരു കാര്യമറിഞ്ഞാല്‍ എത്രയും വേഗം അവിടെയെത്തുക എന്നതാണ് എന്റെ ശൈലി. അദ്ദേഹത്തിന്റെ ശൈലി അതല്ലായിരിക്കാമെന്നായിരുന്നു പി.ടി തോമസിന്റെ മറുപടി.
ഞാന്‍ എത്തിയ ശേഷമാണ് പോലീസ് ലാലിന്റെ വീട്ടില്‍ എത്തിയതെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ അവിടെയെത്തുമ്പോള്‍ തൃക്കാക്കര എസിയും മൂന്ന് പോലീസുകാരും അവിടെ ഉണ്ടായിരുന്നു. അവരല്ലാതെ ലാലും കുടുംബവുമാണ് ഉണ്ടായിരുന്നത്. അവിടെയെത്തിയ ശേഷം ഞാന്‍ എറണാകുളം റേഞ്ച് ഐജി വിജയനെ വിളിച്ചു. അദ്ദേഹം ട്രെയിനില്‍ യാത്രയിലായിരുന്നു എന്ന് പി. രാജീവ് പറഞ്ഞത് ശരിയാണ്. എന്നാല്‍ ഇത്രയും വലിയ സംഭവമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ അറിയിക്കേണ്ടതല്ലേ. പിന്നീട് സിറ്റി പോലീസ് കമ്മിഷണറെ വിവരമറിയിച്ചു. ഇവര്‍ രണ്ടുപേരും ഞാന്‍ പറഞ്ഞിട്ടാണ് വിവരമറിയുന്നത്. പിന്നീടാണ് ഡിസിപിയും ആലുവ എസ്പി എ.വി. ജോര്‍ജും മറ്റു പോലീസുകാരുമൊക്കെ എത്തുന്നത്. ഞാന്‍ ചെന്നതുകൊണ്ടാണ് കേസെടുത്തത് എന്നൊന്നും അവകാശപ്പെടാനില്ല. കേസെടുത്തതിനെ കുറിച്ച് എനിക്കറിയുകയുമില്ല. എന്റെ മണ്ഡലത്തില്‍ നടന്ന സംഭവമെന്ന നിലയില്‍ എംഎല്‍എ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും അറിയിച്ചെന്നേയുള്ളൂ.
എന്റെ ഫോണില്‍ നിന്നാണ് ഐജി വിജയന് ആക്രമിക്കപ്പെട്ട നടിയോട് 30 മിനിറ്റോളം സംസാരിച്ചത്. സിറ്റി കമ്മിഷണര്‍ ദിനേശും എന്റെ ഫോണില്‍ നിന്ന് നടിയോട് സംസാരിച്ചു. പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാര് വിവരമറിഞ്ഞില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ കേസെടുത്തത് ഞാന്‍ പറഞ്ഞിട്ടാണെന്നല്ലെന്നും പി.ടി. വ്യക്തമാക്കി. പള്‍സര്‍ സുനിയെ ഞാനാണ് വിളിച്ചെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്. മഞ്ഞ എന്ന പദം ഞാന്‍ ഉപയോഗിക്കുന്നില്ലെങ്കിലും അത്രയും തരംതാണ പ്രചാരമാണിത്. അവര്‍ക്കെതിരെ ഇതുവരെ കേസു കൊടുക്കാത്തത് മാന്യത കൊണ്ടാണെന്നും പരാതി കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post