എറണാകുളം: കഴിഞ്ഞ ദിവസം പനങ്ങാട് മറിഞ്ഞ കല്ലട ബസില്‍ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്ന് എംവിഡി പറഞ്ഞു. ബസിൻ്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ആർടിഒയുടെ നേതൃത്വത്തിൽ ഇന്നലെയാണ് പരിശോധന നടന്നത്.
അമിതവേഗത്തിൽ ബസ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡിൽ പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ബസിന്റെ പിന്നിലെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞ നിലയിലായിരുന്നു.
ബൈക്ക് യാത്രികനായ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തു. തമിഴ്നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ പാൽപ്പാണ്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.













Discussion about this post