ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപുരുഷനായി മാറാന്‍ കഴിയുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃപാടവം വലിയ മുതല്‍ക്കൂട്ടാണെന്നും അവര്‍ പറഞ്ഞു. കശ്മീരിനെ ഈ കുഴപ്പംപിടിച്ച അവസ്ഥയില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ഡല്‍ഹിയില്‍ കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഞാന്‍ വളര്‍ന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലര്‍ക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ. ആ ഇന്ത്യ കശ്മീരിന്റെ വേദനയില്‍ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടി വന്നു. ഇന്ത്യയില്‍ ഒരു മിനി ഇന്ത്യ തന്നെയാണ് കശ്മീര്‍. ഞാന്‍ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടിവി അവതാരകര്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയിലെ മുന്നൂറ്റി എഴുപതാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിക്കണമെന്ന ആശയം മുഫ്തി നിഷേധിച്ചു. താഴ്‌വരയുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പതാകയും പ്രത്യേക പദവിയുമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post