സഹോദര്യത്തിന്റെ സന്ദേശവുമായി ഇന്ന് രക്ഷാബന്ധന്. സ്വന്തം രക്ഷകനായി സഹോദരനെ അംഗീകരിച്ച് സഹോദരിമാര്‍ രാഖി ബന്ധിക്കുന്ന ചടങ്ങാണ് ആഘോഷത്തില്‍ പ്രധാനം. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കങ്ങള്‍ പൊട്ടിച്ചുമാവും ആഘോഷം.
ഒട്ടേറെ ഐതിഹ്യങ്ങളും ചരിത്ര കഥകളും സാഹോദര്യത്തിന്റെ മാധുര്യം പകരുന്ന ഈ ആഘോഷത്തിനുണ്ട്. ഇന്ദ്രന്റെ ഭാര്യ സചി ഈ ദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം.
രക്ഷാബന്ധന് അത് കേവലം ഒരു ആഘോഷം മാത്രമല്ല. ഭാരതത്തിന്റെ തനതായ സംസ്കാരം പകര്‍ന്നു നല്കുന്ന പാരമ്പര്യമാണ്. എങ്ങനെയാണ് നൂറുകണക്കിന് പരുത്തി നൂലിഴകളാല്‍ നിര്‍മിതമായ ഒരു രാഖിക്ക് സാഹോദര്യത്തെ നിലനിര്‍ത്താനാവുക. എന്നാല്‍ സാഹോദര്യത്തെ മാത്രമല്ല ഖണ്ഡിതമായ ഭാരതത്തെ അഖണ്ഡിതമാക്കിത്തീര്‍ത്ത ചരിത്രമുണ്ട് രാഖിക്ക്. അതുകൊണ്ടുതന്നെയാണ് ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ രക്ഷാബന്ധന് ആഘോഷിക്കപ്പെടുന്നത്.
ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാള് ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ ഭാരതീയര്‍ ഈ ഉത്സവം ആഘോഷിക്കുന്നു. തീര്‍ത്തും ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം എല്ലായിപ്പോഴും രജപുത്ര സൈനികര്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവിതത്തിലും രാഖിയുടെ സ്വാധീനം കാണുവാന്കഴിയും. അലക്സാണ്ടര്‍ ഭാരതത്തെ അക്രമിക്കാന്‍ വേണ്ടി സൈന്യവുമായയി വരുന്ന സമയത്താണ് പോറസ് എന്ന ഭാരത രാജാവിനെക്കുറിച്ച് കേള്‍ക്കുന്നത്. പരാജയമറിഞ്ഞിട്ടില്ലാത്ത പോറസിനുമുന്പില് തന്റെ ഭര്‍ത്താവ് തോല്‍ക്കും എന്നു മനസ്സിലാക്കിയ അലക്സാണ്ടറിന്റെ ഭാര്യ പോറസിന് രാഖി അയച്ചു കൊടുക്കുന്നു. ആ രാഖിയും കെട്ടി അലസ്ണ്ടറുമായി യുദ്ധത്തിലേര്‍പ്പെടുന്ന പോറസ് അലക്സാണ്ടനിനെ വധിക്കാതെ വിട്ടു എന്നുളളത് ചരിത്രത്തില്‍ രേഖപ്പെടുത്തിയ കഥയാണ്.
ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ , മൗറീഷ്യസ് , യൂറോപ്പിലെ പല രാജ്യങ്ങളിലും നേപ്പാള്‍ , ബംഗ്ലാദേശ് , പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും രക്ഷാബന്ധന് ഉത്സവം ആഘോഷിക്കാറുണ്ട്്. ജനതയുടെ ഏകോപനത്തിന് അവരുടെ മനസ്സിലുറങ്ങിക്കിടക്കുന്ന പൈതൃകത്തെ തൊട്ടുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയവര്‍ രക്ഷാബന്ധനത്തെ ജനകീയ ഉത്സവങ്ങളിലൊന്നാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.
Discussion about this post