തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വാങ്ങാന്‍ ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ് എത്തിയില്ല. ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിലാണ് മുഖ്യമന്ത്രി പോലീസ് മെഡലുകള്‍ വിതരണം ചെയ്തത്. പട്ടികയില്‍ ഒന്നാം പേരുകാരനായിരുന്നു ജേക്കബ് തോമസ്. ചടങ്ങില്‍ പങ്കെടുക്കാത്തതിനെ പറ്റി ഇതുവരെയും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല.
മാത്രമല്ല സര്‍ക്കാര്‍ പുറത്തിറക്കിയ ഹാന്‍ഡ് ബുക്കില്‍ എല്ലാവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജേക്കബ് തോമസിന്റെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാല്‍ ജേക്കബ് തോമസില്‍ നിന്നും ചിത്രം ആവശ്യപ്പെട്ടിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍.സി.സി, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ എന്നിവയുടെ വിതരണവും നടന്നു.
ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുരുന്നുകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം തുടങ്ങിയത്. 75 കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചത് ഏത് പൗരനാണ് സഹിക്കാനാവുക. ഒരുവിധത്തിലും തിരിച്ചു പിടിക്കാനാകാത്ത നന്മയുടെ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post