ലേ: സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കിലെ അതിര്‍ത്തിയിലുണ്ടായ ചൈനീസ് സേനയുടെ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചെങ്കിലും അതിര്‍ത്തിയിലെ സാഹചര്യം കലുഷിതമായി തുടരുന്നു. ഇന്ത്യന്‍ പുല്‍മേടിന് സമീപത്ത് നിന്നും 15 ചൈനീസ് ട്രൂപ്പുകള്‍ പിന്മാറാന് തയ്യാറാകാതിരുന്നതോടെ ഇന്ത്യന്‍ സേനയും പ്രദേശത്ത് നിലയുറപ്പിച്ചു. സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയിലുണ്ടായ ചൈനീസ് പ്രകോപനം കല്ലേറിലാണ് അവസാനിച്ചിരുന്നത്. ഇതിന് പിന്നാലെ പ്രദേശത്ത് കടുത്ത ജാഗ്രതയിലാണ് ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍.
അതിര്‍ത്തി ലംഘിച്ച് ലഡാക്കില്‍ കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. നിയന്ത്രണരേഖയ്ക്ക് സമീപം പെന്‍ഗോങ് മേഖലയിലാണ് സ്വാതന്ത്രദിനത്തില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറിനും ഒമ്പതിനും ഇടയിലാണ് പ്രദേശത്ത് ഇരുവിഭാഗവും തമ്മില്‍ കല്ലേറുണ്ടായത്. പെന്‍ഗോങ് തടാകത്തിന്റെ ഭാഗത്ത് നിന്നുമെത്തിയ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ ഭാഗത്തെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലകളില്‍ കടന്നുകയറാന്‍ ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന വിവരം. കടന്നുകയറ്റശ്രമം തടയാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം കല്ലെറിയുകയായിരുന്നു. ഇരു വിഭാഗത്തിനും കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്.
അതേസമയം ദോക് ലായില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇന്ത്യയോട് പ്രദേശത്ത് നിന്നും ഏകപക്ഷീയമായി പിന്മാറാനാണ് ചൈന ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ 1962-ന് ഏറ്റ കടുത്ത പരാജയത്തിലും വലുത് ഏറ്റുവാങ്ങേണ്ട വരുമെന്നും ചൈനീസ് സര്‍ക്കാര്‍ മാധ്യമം ഭീഷണി മുഴക്കുന്നുണ്ട്.
Discussion about this post