കണ്ണൂര്‍: . മതേതരത്വത്തിനും ജനാധിപത്യത്തിനും പേരുകേട്ട കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരുന്നതെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. കണ്ണൂരില്‍ ഗണേശ ഘോഷയാത്രയുമായി ബന്ധപ്പെട്ടു സംഘര്‍ഷം തുടങ്ങിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പോലും ബിജെപിക്കാര്‍ക്കു രക്ഷയില്ലെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമമെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അമിത്ഷാ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് പി.ജയരാജന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അമിത് ഷാ പര്യടനം നടത്തുന്നത്. ‘എല്ലാവര്‍ക്കും ജീവിക്കണം’ എന്നാണ് അവരുടെ ജാഥയുടെ മുദ്രാവാക്യം. മാനഭംഗക്കേസില്‍ സംഘപരിവാറിന്റെ സന്തതസഹചാരിയായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതി ശിക്ഷിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 38 പേരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്‌നങ്ങളും ഉള്ളത്. പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണു സംഘപരിവാര്‍ കാണിക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസുകാരുടെ മനസ്സില്‍ മാത്രമാണു സംഘര്‍ഷമെന്നും ജയരാജന്‍ പറഞ്ഞു.
Discussion about this post