ഡല്‍ഹി: 26 വര്‍ഷം മുമ്പ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ രഥയാത്ര ബീഹാറിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തെ അറസറ്റ് ചെയ്ത സംഘത്തിന്റെ തലവനായിരുന്നു ആര്‍കെ സിങ് എന്ന രാജ് കുമാര്‍ സിങ്. അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന്റെ ഉത്തരവ് പ്രകാരമാണ് അദ്വാനിയെ സിങ് അറസ്റ്റ് ചെയ്യുന്നത്.
1990-ല്‍ ആര്‍കെ സിങ് ബിഹാര്‍ സര്‍ക്കാറില്‍ ആഭ്യന്തര സെക്രട്ടറി പദവിയിലിരിക്കെയായിരുന്നു അദ്വാനിയുടെ രഥയാത്ര ബിഹാറിലെത്തുന്നത്. മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരം ഒക്ടോബറിലെ ഒരു പുലര്‍ച്ചെ സമയം അദ്ദേഹം ഹെലികോപ്ടറില്‍ പാറ്റ്നയില്‍ നിന്ന് സമസ്തിപുരിലേക്ക് അടിയന്തിര യാത്ര നടത്തി. ഒപ്പം ഐപിഎസ് ഓഫീസര്‍ രാമേശ്വര്‍ ഒറാവോയും ഉണ്ടായിരുന്നു. അദ്വാനി അന്ന് തങ്ങിയ സര്‍ക്ക്യൂട്ട് ഹൗസിന്റെ വാതില്‍ മുട്ടി കയ്യില്‍ അറസ്റ്റ് വാറണ്ടുണ്ടെന്ന് അദ്വാനിയെ അറിയിച്ചതും ആര്‍കെ സിങ് ആയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ അദ്വാനിയെയും കൊണ്ട് ഇരുവരും ഹെലികോപ്റ്ററില്‍ പാറ്റ്നയിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ദംകയിലേക്കും. ദംക ഇന്ന് ജാര്‍ഖണ്ഡിന്റെ ഭാഗമാണ്.
അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ആഴത്തിലുള്ള വേരുണ്ടാക്കിയത്. കാലങ്ങള്‍ കഴിയുമ്പോള്‍ വീണ്ടുമൊരു ബിജെപി സര്‍ക്കാരില്‍ മന്ത്രിയായാണ് ആര്‍കെ സിങ് സത്യപ്രതിജ്ഞ ചെയ്തത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള രഥയാത്രയുടെ നേതാവായ അദ്വാനിയെ തന്നെ യാതൊരു കൂസലുമില്ലാതെ വിലങ്ങു വെച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ആര്‍കെ സിങ് അന്ന് തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു.
പിന്നീട് 65-ാം വയസ്സില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പദവിയും അദ്ദേഹം വഹിച്ചു. ആഭ്യന്തര സെക്രട്ടറിയായിരിക്കെ തീവ്രവാദത്തിനും നക്സല്‍ പോരാട്ടങ്ങള്ക്കുമെതിരെ ശക്തമായ നടപടികളുമായി അദ്ദേഹം മുന്നോട്ടു പോയി.
2014 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആര്‍കെ ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് ബീഹാറിലെ ആറയില്‍ നിന്ന് മത്സരിച്ച് അദ്ദേഹം പാര്‍ലമെന്റംഗമായി.
Discussion about this post