ന്യൂഡൽഹി: .യുപിഐ ആപ്പുകൾ നമ്മുടെ പണത്തിന്റെ ക്രയവിക്രയത്തിൽ വരുത്തിയ മാറ്റം ചെറുതൊന്നും അല്ല. പണ്ട് കാലത്ത് പണം കൈവശം സൂക്ഷിച്ചിരുന്ന നമ്മൾ ഇന്ന് കയ്യിൽ പണമില്ലാതെ തന്നെ ലോകത്തിന്റെ ഏത് കോണിലേക്കും യാത്ര ചെയ്യുന്നു. ഇത് സാദ്ധ്യമാക്കിയത് യുപിഐ ആപ്പുകൾ ആണ്. ഈ ആപ്പുകൾ ഉപയോഗിച്ച് കൈവശമുള്ള പണം എപ്പോൾ വേണമെങ്കിലും കൈമാറ്റം ചെയ്യാം.
ഇന്ത്യക്കാർക്കിടയിലും യുപിഐ സേവനങ്ങൾക്ക് വലിയ പ്രിയമാണ് ഉള്ളത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പണം കൈമാറ്റം ചെയ്യുന്നത് യുപിഐ ആപ്പുകൾ വഴിയാണ്. ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം തുടങ്ങി നിരവധി ആപ്പുകൾ ആണ് പണം വിനിമയം ചെയ്യാൻ നമുക്ക് മുൻപിൽ ഉള്ളത്. നാൾക്ക് നാൾ നാം ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതും വർദ്ധിക്കുന്നു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ നമുക്ക് മുൻപിൽ വയ്ക്കുന്ന കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
ഈ വർഷം ജനുവരിയിൽ യുപിഐ ഇടപാടുകളുടെ എണ്ണം 16.99 ബില്യൺ കടന്നുവെന്നാണ് ധനമന്ത്രിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജനുവരിയിൽ 23.48 ലക്ഷം കോടി രൂപയുടെ പണമിടപാടും നടന്നു. രാജ്യത്ത് യുപിഐ ഇടപാടുകൾ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഒരു മാസം ഇത്രയും അധികം പണമിടപാടുണ്ടാകുന്നത്.
2023- 24 സാമ്പത്തിക വർഷത്തിൽ യുപിഐ ഇടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്ത് 80 ശതമാനം വ്യാപാരികളും യുപിഐ പേ മെന്റ് രീതിയാണ് പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 131 ബില്യൺ യുപിഐ ഇടപാടുകൾ നടന്നു. 200 ലക്ഷം കോടി രൂപയുടെ ഇടപാടാണ് കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത്. ഉപയോഗിക്കാനുള്ള എളുപ്പം, സുരക്ഷ എന്നിവയാണ് യുപിഐ ആപ്പുകൾ ഇത്രയേറെ പ്രിയങ്കരം ആക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024- 25 സാമ്പത്തിക വർഷത്തിൽ ജനുവരി വരെ നടന്ന യുപിഐ ഇടപാടുകളിൽ 62.35 ശതമാനവും പീപ്പിൾ ടു മെർച്ചന്റ് ട്രാൻസാക്ഷൻ ആണ്. പീപ്പിൾ ടു പീപ്പിൾ ട്രാൻസാക്ഷൻ 37.65 ശതമാനം ആയിരുന്നു. 500 രൂപയ്ക്ക് മുകളിലുള്ള പണ വിനിമയം ഇതിൽ കൂടുതലായി നടന്നിരിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post