ഡല്‍ഹി: റോഹിങ്ക്യ അഭയാര്‍ത്ഥികളുടേത് മനുഷ്യാവകാശ പ്രശ്നമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവരെ അഭയാര്‍ത്ഥികളായി പരിഗണിക്കാനാകില്ല. നിയമ വിരുദ്ധ കുടിയേറ്റക്കാരാണ് റോഹിങ്ക്യകളെന്നും രാജ്നാഥ് സിങ് പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്നാഥ് സിങിന്റെ പ്രതികരണം.
ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള റോഹിങ്ക്യകളെ ഉടന്‍ തിരിച്ചയക്കണം. റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ മ്യാന്മര് തയ്യാറാകണം. ഇന്ത്യക്കാര്‍ എന്തിന് അവരുടെ മൗലികാവകാശത്തെ കുറിച്ച് ആശങ്കപ്പെടണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായ എച്ച് എല്‍ ദത്തുവിന്റെ സാന്നിദ്ധ്യത്തിലാണ് രാജ്നാഥ് സിങ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. നേരത്തേ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ റോഹിങ്ക്യന്‍ വിഷയം ഒരു മനുഷ്യാവകാശ പ്രശ്നമാണെന്നെന്ന് എച്ച് എല്‍ ദത്തു പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടി കൂടിയാണ് രാജ്നാഥ് സിങ് നല്‍കിയിരിക്കുന്നത്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പാകിസ്താന് ചാരസംഘടനയായ ഐഎസ്ഐ, ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ജമ്മു, ദില്ലി, ഹൈദരാബാദ്, മേവത് തുടങ്ങിയ സ്ഥലങ്ങളിലാണ് തീവ്രവാദ ബന്ധമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post