ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപൊര ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി. രാജസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന റമിസ് അഹമ്മദ് പാരെയാണ് (33) മരിച്ചത്. റമീസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
ഹാജിനിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ റമീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ബന്ധുക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ സഹോദരന്റെ നില ഗുരുതരമാണെന്ന് ബന്ദിപൊര പോലീസ് പറഞ്ഞു.
ബിഎസ്എഫ് 73ാം ബറ്റാലിയനിലെ അംഗമായിരുന്നു റമിസ്. റമീസ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് സൈന്യം അറിയിച്ചു. ആറു വര്‍ഷമായി റമീസ് ബിഎസ്എഫിലെ അംഗമാണ്. വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
അഞ്ച് മാസം മുന്‍പാണ് ബന്ധുവിന്റെ വിവാഹച്ചടങ്ങിനു പോയ ലഫ്റ്റനന്റ് കേണല്‍ ഉമര്‍ ഫയാസ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
Discussion about this post