മുംബൈ: ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തെ രണ്ടു പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നും അദ്ദേഹം പറഞ്ഞു. ‘ലൈവ് മിന്റി’ന് നല്കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക രംഗത്ത് ഉയര്‍ച്ച ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. വാണിജ്യമേഖലയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. വ്യാവസായികോല്പാദനത്തില് 4.9 ശതമാനവും വര്‍ധനയുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് തീര്‍ച്ചയായും റിസര്‍വ് ബാങ്കിന് പദ്ധതികളുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് കോട്ടം തട്ടാതെതന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, അനുയോജ്യമായ പലിശ നിരക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിരുന്നു. ഈ മാസം ആദ്യം അടിസ്ഥാന വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചിരുന്നു. റിസര്‍വ്വ് ബാങ്ക് ഇക്കൊല്ലത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിരുന്നു.
Discussion about this post