ഡല്‍ഹി: ദീപാവലിക്ക് പടക്കവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ചേതന്‍ ഭഗത് രംഗത്ത്. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ധൈര്യം മാത്രമേ സുപ്രീം കോടതിക്ക് ഉള്ളൂവെന്നും മുഹറത്തിന് മൃഗങ്ങളെ ബലിനല്‍കുന്നത് നിരോധിച്ചുകൊണ്ട് വൈകാതെ ഉത്തരവിറക്കുമോ എന്നുമായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം.
പടക്കമില്ലാതെ കുട്ടികള്‍ക്ക് എന്ത് ദിപാവലിയെന്നായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം. വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ഉണ്ടാകുന്ന ഒരു ആഘോഷമാണ് ദീപാവലി. ഒരു ദിവസം കൊണ്ട് എങ്ങനെ മലിനീകരണം വര്‍ധിക്കും? മലിനീകരണം കുറയ്ക്കാന്‍ നിരോധനമല്ല അതിനെ ഒഴിവാക്കാനുള്ള പുതിയ വഴിയാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ആചാരങ്ങള്‍ക്കു മാത്രം ഇത്തരത്തിലുളള നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്തിനാണ്? പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ കൂടി ഒഴിവാക്കാന്‍ ഇതേ ആവേശം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസിന് ക്രിസ്മസ് ട്രീ നിരോധിക്കുന്നത് പോലെയോ ഈദിന് ആടിനെ ഒഴിവാക്കുന്നത് പോലെയോ ആണ് ദീപാവലിക്ക് പടക്കം നിരോധിക്കുന്നത്. നിയന്ത്രണമാവാം. എന്നാല്‍ നിരോധനമരുത്. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭഗത് പറഞ്ഞു.
നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നായിരുന്നു ജസ്റ്റിസ്റ്റ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു.
മാസങ്ങള്‍ക്ക് ശേഷമാണ് അന്ന് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്. ഇതേതുടര്‍ന്ന് പടക്കവില്‍പ്പന ഇടക്കാലത്തേക്ക് സുപ്രീം കോടതി നിരോധിച്ചെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി.
Discussion about this post