തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രയാര്‍ സ്ത്രീകളെയും അയ്യപ്പഭക്തരെയും അപമാനിച്ചു. ശബരിമലയെ തായ്ലന്ഡ് ആക്കില്ലെന്ന പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്താണ്? സംസ്കാരശൂന്യമായ ജല്പ്പനങ്ങള് അംഗീകരിക്കില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ കടകംപള്ളി ആവശ്യപ്പെട്ടു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണന് സ്ത്രീസമൂഹത്തെയും, അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിച്ചിരിക്കുകയാണ്. ശബരിമലയെ തായ് ലാന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ പറഞ്ഞതായി കണ്ടു. എന്ത് താരതമ്യമാണ് പ്രയാര്‍ നടത്തിയിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ 10 വയസ്സിന് താഴെയുള്ളതും അമ്പത് വയസിന് മുകളിലുള്ളതുമായ സ്ത്രീകള്‍ക്ക് നിലവില്‍ തന്നെ ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന് ചെയ്തിരിക്കുന്നത്. കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല എന്ന് പ്രയാര്‍ പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്. ശബരിമല കയറുന്നവരെല്ലാം മോശക്കാരാണെന്നാണോ ? സംസ്കാരശൂന്യമായ ജല്പ്പനങ്ങള് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് അംഗീകരിക്കാനാകില്ല. കോടതിവിധിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരു മുന്‍വിധിയുമില്ല. കോടതിവിധി എന്ത് തന്നെയായാലും അത് സംസ്ഥാനസര്‍ക്കാരും, ദേവസ്വംബോര്‍ഡും അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീസമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാര്‍ ചെയ്തിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ അവിടം പ്രയാര്‍ കരുതുന്നത് പോലെ മോശമാകുമെങ്കില്‍ ഇത്തരം വിലക്കുകളില്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് അദ്ദേഹം നല്‍കുന്നത്. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന് മാപ്പ് പറഞ്ഞേ മതിയാകൂ.
[fb_pe url=”https://www.facebook.com/kadakampally/posts/1668538449857745″ bottom=”30″]
Discussion about this post