കൊച്ചി: ചാനല്‍ ചര്‍ച്ചകളിലെ അവതാരകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വക്കറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ജയശങ്കര്‍. ചാനല്‍ അവതാരകരുടെ പാളിച്ചകളാണ് ടെലിവിഷന്‍ ചര്‍ച്ചകളുടെ നിലവാരം കളയുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ചര്‍ച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ പൊട്ടക്കലം കിലുക്കുന്നതു പോലെയുള്ള ആളുകളുണ്ട്. അവരുടെ പെടലിക്കിട്ട് അടിക്കാന്‍ തോന്നുമെന്നും അഡ്വക്കേറ്റ് ജയശങ്കര്‍ പരിഹസിച്ചു. ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനായി ഒരു ഓണ്‍ലൈന്‍ നടത്തിയ പോളിംഗ് ക്യാംപെയിനിലായിരുന്നു ജയശങ്കറുടെ പ്രതികരണം.
അന്തിചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ് നല്ലതാണ്. എന്നാല്‍ ഇത് പലപ്പോഴും അരോജകമായി മാറുന്നത് അവതാരകര്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതിനാലാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകള്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയില്‍ നില്‍ക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും, പരിപാടി കാണുന്ന ആളുകളെല്ലാം പൊട്ടന്മാരാണ് എന്ന രീതിയില്‍ അവരുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നതെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു ജയശങ്കര്‍.
യുക്തിക്ക് നിരക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നവര്‍ വളരെ കുറവാണ്. ചില ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പലരും എന്നോട് വന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത്രക്ക് അരോജകന്മാരായിട്ടുള്ള ആളുകളാണ് ചര്‍ച്ചക്ക് വരുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
അവതാരകര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നാണ് അവരുടെ വിശ്വാസം. അപ്പോള്‍ അവര്‍ ആ ഒരു ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയും ആണ് ചര്‍ച്ച കൈകാര്യം ചെയ്യുന്നത്. അവരുടെ അഭിപ്രായത്തിന് വിപരീതമായ അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് അവസരം കൊടുക്കാറില്ലെന്നും ജയശങ്കര്‍ പറയുന്നു.
ചില ആളുകള്‍ നടത്തുന്ന ചര്‍ച്ച സഹിക്കാനെ പറ്റില്ല. അവതാരകരെ കുറിച്ച് പലരും പരാതി പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക അവതാരകര്‍ നടത്തുന്ന ചര്‍ച്ചക്കിരുന്നാല്‍ നമുക്ക് പ്രാന്താകും. അതുകൊണ്ട് ഞാന്‍ പരമാവധി ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കിയിട്ടേ ചര്‍ച്ചയ്ക്ക് പോകാറുളളുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post