ലക്‌നൗ: യുപിയില്‍ സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സന്ദര്‍ശിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഒരു കൂട്ടം ആളുകള്‍ സ്വിസ് ദമ്പതികളെ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ പുരുഷന്റെ തലയോട്ടിക്ക് എല്ലിനും സാരമായി പരിക്കേറ്റു. യുവതിയുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായിട്ടുണ്ട്. ആഗ്രയിലെ റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകവെയാണ് പ്രദേശ നിവാസികളായ യുവാക്കള്‍ ദമ്പതികളെ ആക്രമിച്ചതെന്ന് ഫത്തേപൂര്‍ സിക്രി പോലീസ് അറിയിച്ചു.
ആക്രമിക്കുന്നതിനുമുന്‍പ് ഇവര്‍ ദമ്പതികളെ ശല്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വിസ് യുവതിയുമൊത്ത് യുവാക്കള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ആഗ്രയില്‍ ഇവര്‍ തങ്ങിയിരുന്ന ഇടം അന്വേഷിക്കുകയും ചെയ്തു. ഇതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്നാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.
Discussion about this post