ടെല്‍ അവീവ്: ദേശീയതയെയും ദേശസ്നേഹത്തെയും ദേശീയഗാനത്തെയും കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഇസ്രയേലില്‍നിന്നുള്ള ജൂഡോ താരം താല് ഫ്ളിക്കര്‍ അബുദാബിയില്‍ നടന്ന ജൂഡോ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് വേദിയില്‍ സ്വന്തം ദേശീയ ഗാനം തനിച്ച് ചൊല്ലി ശ്രദ്ധേയനാകുന്നു. അബുദാബിയില്‍ നടന്ന ജൂഡോ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ജേതാവായ താലിന് സ്വര്‍ണമെഡല്‍ നല്‍കിയപ്പോഴാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ഇസ്ലാമിക രാജ്യമായ അബുദാബിയിലെ സംഘാടകര്‍, ഇസ്രയേലിന്റെ ദേശീയഗാനം പ്ലേ ചെയ്യാന്‍ വിസമ്മതിച്ചു. അതിന് പകരം അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ ഔദ്യോഗിക ഗാനമാണ് മുഴക്കിയത്. ഇതോടെയാണ് സ്വന്തം ദേശീയ ഗാനം ചൊല്ലാന്‍ താല് തയ്യാറായത്. ഔദ്യോഗിക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുമ്പോള്‍, പോഡിയതത്തില് താല് ഇസ്രയേല്‍ ദേശീയ ഗാനം ഉറക്കെ പാടിനിന്നു.
അറബ് ലോകത്തെ 18-ഓളം ഇസ്ലാമിക രാജ്യങ്ങള്‍ ഇപ്പോഴും ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ല. നയതന്ത്രതലത്തിലും സാമ്പത്തിക സഹകരണത്തിലും അവര്‍ ഇസ്രയേലുമായി യോജിക്കുന്നുമില്ല. അബുദാബിയും ഇസ്രയേലിനെ അംഗീകരിക്കുന്നില്ല. എന്നാല്‍, താലിന് സ്വര്‍ണമെഡല്‍ നല്‍കും നേരം രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ കൂട്ടിക്കലര്‍ത്തിയ സംഘാടകരുടെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ വിമര്‍ശിച്ചു. സംഘാടകരുടെ നടപടി വംശീയവിദ്വേഷം വളര്‍ത്തുന്നതാണെന്നും അവര്‍ ആരോപിച്ചു.
ഇസ്രയേല്‍ എന്റെ രാജ്യമാണ്. ഒരു ഇസ്രയേലിയായതില് താന്‍ അഭിമാനം കൊള്ളുന്നു. സംഭവത്തിനുശേഷം നാട്ടിലെ ചാനലിനോട് സംസാരിക്കവെ താല് പറഞ്ഞു. ജൂഡോ ഫെഡറേഷന്റെ ഔദ്യോഗിക ഗാനം പശ്ചാത്തലത്തിലുണ്ടായിരുന്നു. ഞാനെന്റെ ഹൃദയത്തില്‍ നിന്നാണ് ദേശീയ ഗാനം പാടിയത്. ഇസ്രയേലിന്റെ പതാക അവര്‍ മറച്ചുവെച്ചുവെന്നും താല് പറഞ്ഞു.
ടൂര്‍ണമെന്റില്‍ വനിതാവിഭാഗത്തില്‍ ഇസ്രയേലുകാരി ഗില്‍ കോഹെന് വെങ്കലമെഡല്‍ നല്‍കിയിരുന്നു. ഗില്ലിന്റെ മെഡല്‍ ദാന ചടങ്ങിലും ഇസ്രയേല്‍ പതാക പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ ത്യയാറായില്ല. ഇസ്രയേല്‍ താരങ്ങള്‍ ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടുന്നത് ആദ്യമായല്ല. 2016-ലെ റിയോ ഒളിമ്പിക്സില്‍ ഈജിപ്തില്‍ നിന്നുള്ള ജൂഡോ താരം ഇസ്ലാം എല്‍ ഷെഹാബി തന്നെ തോല്പിച്ച ഇസ്രയേല്‍ താരത്തിന് ഹസ്തദാനം നല്കാന് വിസമ്മതിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Discussion about this post