ഇന്ത്യൻ ടീമിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തി. ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ഇടം പിടിച്ചിട്ടുണ്ട്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡിയയാണ് വൈസ് ക്യാപ്റ്റൻ.
മുതിർന്ന താരം കെ എൽ രാഹുലിന് ടീമിൽ ഇടം നേടാനായില്ല. ജൂൺ 2നാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. വെസ്റ്റ് ഇൻഡീസും അമേരിക്കയും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജൂൺ 5ന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. 2015 ജൂലൈയിൽ സിംബാബ്വെക്കെതിരെയാണ് സഞ്ജു ഇന്ത്യയ്ക്കായി ട്വന്റി 20യിൽ അരങ്ങേറിയത്. ഇതുവരെ കളിച്ച 25 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 374 റൺസ് സഞ്ജു നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും പ്രമുഖ താരവുമാണെങ്കിലും ഐസിസിയുടെ ഒരു ടൂർണമെന്റിൽ കളിക്കാൻ സഞ്ജു വി സാംസണ് അവസരം ലഭിക്കുന്നത് ഇതാദ്യമായാണ്. ഐപിഎല്ലിന്റെ ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് താരം 385 റൺസ് നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
ഇന്ത്യൻ ടീം – രോഹിത് ശർമ്മ(ക്യാപ്റ്റൻ), ഹാർദിക് പാണ്ഡിയ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു വി സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസർവ് താരങ്ങളായി റിങ്കു സിംഗ്, ശുഭ്മൻ ഗിൽ, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവരും ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകും.
Discussion about this post