ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ് റയൽ മാഡ്രിഡ് സമനിലയിൽ കുരുക്കിയത്.
24 ആം മിനിറ്റിൽ ടോണി ക്രൂസിന്റെ തകർപ്പൻ പാസിൽ നിന്ന് വിനീഷ്യസ് റയലിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ ബയേൺ തിരിച്ചടിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾകകം സ്വന്തം കാണികൾക്ക് മുന്നിൽ ബയേൺ ഗോൾ മടക്കി. 53 ആം മിനിറ്റിൽ ലിറോയ് സാനെ ജർമ്മൻ വമ്പന്മാർക്കായി റയലിന്റെ വല കുലുക്കി. സ്‌കോർ 1-1. കേവലം നാല് മിനിറ്റിനുള്ളിൽ വീണ്ടും സ്‌കോർ ചെയ്ത് ബയേൺ മ്യൂണിക്ക് മുന്നിൽ എത്തി. ഇംഗ്ലണ്ട് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെയാണ് ബയേൺ ഗോൾ കണ്ടെത്തിയത്.
നിർണായക എവേ പോരാട്ടത്തിൽ തോൽവി ഒഴിവാക്കാൻ പൊരുതിയ റയൽ മാഡ്രിഡിന് 83 ആം മിനിറ്റിൽ പെനാൽറ്റി ലഭിച്ചു. ആദ്യ ഗോൾ നേടിയ സൂപ്പർ താരം വിനീഷ്യസ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് വീണ്ടും രക്ഷകനായി. ലീഡ് കൈവിട്ട ബയേൺ മ്യൂണിക്കിന് ഹോം ഗ്രൗണ്ടിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആവേശകരമായ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു.
തുല്യശക്തികൾ നേർക്കുനേർ വന്ന മത്സരത്തിൽ ബയേണിനായിരുന്നു ആധിപത്യം. ഇതോടെ ഈ മാസം എട്ടിന് നടക്കുന്ന രണ്ടാംപാദ സെമി ഇരു ടീമുകൾക്കും നിർണായകമായി. റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബുവിലാണ് രണ്ടാം ലെഗ് സെമി ഫൈനൽ അരങ്ങേറുക.
Discussion about this post