തിരുവനന്തപുരം: ജനജാഗ്രതാ യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം വേദി പങ്കിട്ട മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയിൽ സി.പി.,എമ്മിന് അതൃപ്തി. പ്രസംഗം യാത്രയുടെ പകിട്ട് കെടുത്തിയെന്നാണ് മുതിർന്ന നേതാക്കളുടെ വികാരം. അതിനാൽ തന്നെ ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച സി.പി.എം സെക്രട്ടറിയേറ്റ് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉന്നമിട്ട് തോമസ് ചാണ്ടി പറഞ്ഞ വാക്കുകളാണ് സി.പി.എമ്മിനെ തിരിഞ്ഞു കുത്തിയത്.
തനിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ഒരു അന്വേഷണ സംഘത്തിനും കഴിയില്ല. കാര്യങ്ങൾ മനസിലാക്കാത്തവർക്ക് വേണ്ടിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മാർത്താണ്ഡം കായലിൽ മണ്ണിട്ടു നികത്തിയതല്ല, പൊതുവഴി വൃത്തിയാക്കുകയായിരുന്നു. ഇവിടെ ഇപ്പോൾ ചെയ്‌തപോലെ ബാക്കിയുള്ള 42 പ്ലോട്ടുകളിലേക്കും വഴി നിർമ്മിക്കും. അന്വേഷണം നടക്കുന്നതേയുള്ളൂ. എനിക്കെതിരെ ചെറുവിരൽ പോലും അനക്കാൻ ഉദ്യോഗസ്ഥർക്കാവില്ല എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രസ്താവന. ചെന്നിത്തലയെ ലക്ഷ്യമിട്ടാണ് തോമസ് ചാണ്ടി പറഞ്ഞതെങ്കിലും അത് കൊണ്ടത് കാനത്തിനും സർക്കാരിലെ ചിലർക്കുമാണ്.
രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര വിവാദങ്ങളിൽ കുടുങ്ങിയെന്ന പരാതിയാണ് പല നേതാക്കൾക്കുമുള്ളത്.
Discussion about this post