കോഴിക്കോട്: കാര്‍ഗില്‍ പോരാട്ടത്തില്‍ പങ്കെടുത്ത വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പ്രശംസാപത്രം ലഭിച്ച മുന്‍സൈനികനെ സിപിഎം വേട്ടയാടുന്നതായി ആരോപണം. മുന്‍ സൈനികന്റെ വീട് നിര്‍മ്മാണം സിപിഎമ്മുകാര്‍ തടയുന്നുവെന്നാണ് പരാതി. അരിക്കുളം പഞ്ചായത്തിലെ എക്കാട്ടൂര് മമ്മിണിതാഴ വലിയപറമ്പില്‍ വിശ്വനാഥനാണ് സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കാനാകാതെ കഷ്ടത്തിലായത്. 47 സെന്റ് വയല്‍പ്രദേശം മാത്രമുള്ള വിശ്വനാഥന്, വീടുവെക്കാന്‍ 10 സെന്റ് വയല്‍പ്രദേശം നികത്താനുള്ള അനുമതി വാങ്ങിയിരുന്നു.
സംഭവത്തെ കുറിച്ച് വിശ്വനാഥന് പറയുന്നത് ഇങ്ങനെ-് 2014 ഡിസംബര്‍ 26 ന്, 20/2 സര്‍വ്വേ നമ്പറിലുള്ള 10 സെന്റ് ഭൂമി വീട് നിര്‍മ്മാണത്തിന് നികത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വനാഥന് അരിക്കുളം കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കരഭൂമി തന്റെ പേരില്‍ ഇല്ല എന്ന് വ്യക്തമാക്കി വയല്‍ നികത്താനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യം തള്ളി. തുടര്‍ന്ന് പ്രാദേശിക നീരീക്ഷണ സമിതിക്ക് വിശ്വനാഥന് പുന:പരിശോധന ഹര്‍ജി നല്കി. സ്ഥലം സന്ദര്‍ശിച്ച സമിതി വീട് നിര്‍മ്മിക്കാന്‍ അനുവാദം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. 2017 ജൂണ്‍ 30ന് ആര്‍ഡിഒ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം വിഷയത്തില്‍ ഇടപെട്ടതോടെ സംഗതി വഷളായി. സിപിഎം പ്രാദേശിക നേതൃത്വം ഭരണസ്വാധീനം ഉപയോഗിച്ച് നിര്‍മ്മാണം തടസ്സപ്പെടുത്തി. ഇതിനെതിരെ വിശ്വനാഥന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിശ്വനാഥന് പറയുന്നു. ഇത് നല്‍കാത്തതാണ് പ്രശ്നങ്ങള്‍ കാരണമായത്. തൊട്ടടുത്ത് വയല്‍ നികത്തി നിരവധി വീടുകള്‍ പണിതിട്ടുണ്ടെങ്കിലും തന്നെ മാത്രം വിലക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വിശ്വനാഥന് ചോദിക്കുന്നു.
സിപിഎം അപ്രഖ്യാപിത ഉപരോധം തീര്‍ത്ത് തന്റെ കുടുംബത്തെ വേട്ടയാടുകയാണ്. 33 വര്‍ഷം രാഷ്ട്രത്തിന് വേണ്ടി സേവനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണ്. വീടുവെച്ച് നാട്ടില്‍ കുടുംബത്തോടെ ജീവിക്കാനായിരുന്നു ഇഷ്ടം. പല സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത തനിക്ക് അവിടെ ഒന്നും ഇത്ര വിഷമം ഏല്‍ക്കേണ്ടി വന്നിട്ടില്ല. ജന്മനാട്ടിലാണ് ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത്.
വൈദ്യുതി പോലും ഇല്ലാതെ, സിമന്റ്കട്ടകൊണ്ട് നിര്‍മ്മിച്ച ഓലമേഞ്ഞ ഒറ്റമുറിയിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. തന്റെ പേരില്‍ ഇല്ലാത്ത ഭൂമി ഉണ്ടെന്ന് പറഞ്ഞ് പാര്‍ട്ടി പത്രത്തിലൂടെ കള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാരെന്നും വിരമിച്ച സൈനികന് പറയുന്നു.
കാര്‍ഗില്‍ യുദ്ധത്തിലും മറ്റ് ഓപ്പറേഷനുകളിലും പങ്കെടുത്ത വിശ്വനാഥന്, സുബേദാര്‍ മേജറായി 2015 ലാണ് വിരമിച്ചത്.
Discussion about this post