തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടികുറച്ചത് തനിക്കെതിരായ പ്രതികാര നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന് ആരോപിച്ചു. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന തരത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നത്. ഇപ്പോള്‍ കാലാവധി വെട്ടികുറച്ചത് ശരിയായ നടപടിയല്ല.
രണ്ട് വര്‍ഷത്തെ കാലാവധി കൊണ്ട് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ കഴിയില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷമാണ് പ്രയാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി ചുമതലയേറ്റത്. നാളേക്ക് ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷം പിന്നിടും. ശബരിമല സ്ത്രീ പ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ നിലപാടല്ല പ്രയാര്‍ സ്വീകരിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍ മതപഠനം ഉള്‍പ്പടെ നിര്‍ണായ തീരുമാനങ്ങളും പ്രയാര്‍ കൈകൊണ്ടു.
സംഘപരിവാര്‍ അനുകൂല നിലപാടാണ് പ്രയാറിന്റേത് എന്ന വിമര്‍ശനം ഇടത് കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഹൈന്ദവ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായാണ് ദേവസ്വം പ്രവര്‍ത്തിക്കേണ്ടതെന്ന ഉറച്ച നിലപാട് പ്രയാര്‍ സ്വീകരിച്ചു. ഇത്തരം കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിലുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അസഹിഷ്ണുതയാണ് ബോര്‍ഡിന്റെ കാലാവധി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് പിന്നില്‍ എന്നാണ് ആരോപണം.
Discussion about this post