പത്തനംതിട്ട: ശബരിമലയില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമൃതാനന്ദമയീ മഠത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കേന്ദ്ര മന്ത്രി 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയതിന്റെ ഓര്‍മ്മകളും പങ്കു വച്ചു.
സബ് കളക്ടറായിരിക്കെ 32 മിനിറ്റ് കൊണ്ട് ശബരിമല കയറി. എന്നാല്‍ ഈ പ്രായത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ വേണ്ടി വന്നുവെന്ന് കണ്ണന്താനം പറഞ്ഞു. ശബരിമലയില്‍ ധാരാളം മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ പഴയതിലും സൗകര്യങ്ങളുണ്ട്. ഇനിയും വേണ്ടത് ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടേയും ദേവസ്വം ബോര്‍ഡിന്റേയും ലക്ഷ്യം. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണം. പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണ്. ഈ തീര്‍ത്ഥാടന കാലം പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പൂര്‍ത്തിയാക്കുന്നതിന് തീര്‍ത്ഥാടകരും ഇതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതിന് വിവിധ ഏജന്‍സികളും ശ്രദ്ധിക്കണമെന്നും കണ്ണന്താനം പറഞ്ഞു.
ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് 106 കോടി രൂപയുടെ സുഖദര്‍ശനം പദ്ധതിയെന്നും കണ്ണന്താനം പറഞ്ഞു.
Discussion about this post