ഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഇസ്‌ലാമിക് സ്റ്റേറ്റ്. തൃശൂര്‍ പൂരവും, കുംഭമേളയും ആക്രമിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കാനാണ് ശബ്ദ സന്ദേശത്തിലൂടെ ഐഎസ് ആഹ്വാനം നല്‍കിയത്. ലാസ് വേഗാസ് ഭീകരാക്രമണത്തിന് സമാനമായി ആള്‍ക്കൂട്ടത്തെ ആക്രമിക്കണമെന്നാണ് മലയാളത്തില്‍ പുറത്തുവന്നിട്ടുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. പുരുഷ ശബ്ദത്തിലുള്ള ഓഡിയോ ക്ലിപ്പില്‍ ഖുര്‍ആനിലെ വരികളെ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഭീക്രരാക്രമണം നടത്തണമെന്ന് പറയുന്നത്. പ്രാദേശിക ഐഎസ് സംഘടനയായ ദൗലത്തുല്‍ ഇസ്ലാമില്‍ നിന്ന് ഇത്തരത്തില്‍ 50-ാമത്തെ ക്ലിപ്പാണ് ഇതോടെ പുറത്തുവരുന്നത്.
കുംഭമേളയിലും തൃശ്ശൂര്‍ പൂരത്തിനും ആക്രമണം നടത്തണമെന്ന് ആഹ്വാനം നല്‍കുന്ന ഓഡിയോ ക്ലിപ്പില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ ട്രക്ക് ഓടിച്ചു കയറ്റിയോ ആക്രമണം നടത്തണമെന്നാണ് പറയുന്നത്. ഐഎസ് മുജാഹിദ്ദീന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയെന്നും ലാസ് വേഗാസില്‍ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ആക്രമണത്തിന്റ സൂത്രധാരന്‍ ഐഎസ് അനുയായിയാണെന്നും ഓഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നു. കത്തി ഉപയോഗിച്ച് ആക്രമണം നടത്താനോ ട്രെയിന്‍ അപകടങ്ങള്‍ സൃഷ്ടിക്കാനോ അനുയായികള്‍ക്ക് ഓഡിയോ ക്ലിപ്പില്‍ ആഹ്വാനവും നല്‍കുന്നുണ്ട്. ഐഎസ് കാസര്‍കോഡ് മൊഡ്യൂളിന്റെ നേതാവായ റാഷിദ് അബ്ദുള്ളയാണ് ഓഡിയോ ക്ലിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും സംശയിക്കുന്നുണ്ട്. ഐഎസില്‍ ചേരുന്നതിന് വേണ്ടി രാജ്യം വിട്ട ഇയാള്‍ അഫ്ഗാനിസ്താനിലേക്ക് പോകുകയായിരുന്നു.
കാസര്‍കോഡ് സ്വദേശിയായ റാഷിദ് അബ്ദുള്ളയ്‌ക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി പ്രകാരവും എന്‍ഐഎ കുറ്റപത്രം നിലവിലുണ്ട്. ഇതിന് പുറമേ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഭാര്യയ്ക്കും മകനുമൊപ്പം റാഷിദിനെ കാണാതായെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം.
ഐഎസിന്റെ വോയ്‌സ് ക്ലിപ്പ് പുറത്തുവന്നതോടെ സംഭവത്തില്‍ കേരള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ്, ടെലഗ്രാം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്നിവിടങ്ങളില്‍ നിന്നായി ഇതുമമായി ബന്ധമുള്ള 300 ഓളം വോയ്‌സ് ക്ലിപ്പുകളും മെസേജുകളുമാണ് പോലീസിന് ഇതോടെ ലഭിച്ചത്. ഐഎസിന് വേണ്ടി പോരാടാന്‍ ദൗലത്തുല്‍ ഇസ്ലാമില്‍ ചേരാന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പില്‍ ദൗലത്തുല്‍ ഇസ്ലാമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കാനും ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെടുന്നു.
അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തിയ എഫ്ബിഐയും സിഐഎയും അക്രമി ഒറ്റയ്ക്ക് പദ്ധതിയിട്ട് നടപ്പിലാക്കിയ ആക്രമണമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു.
Discussion about this post