ഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ രാജ്യത്തിന് സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കുന്നതല്ലെന്ന് വ്യോമസേനാ മേധാവി ബിരേന്ദ്രര്‍ സിംഗ് ധനോവ. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉറപ്പിച്ചിരുന്ന വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഫ്രാന്‍സുമായി കരാറുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ തീരുമാനിച്ചുറപ്പിച്ച വിലയേക്കാള്‍ മൂന്നിരട്ടി വിലയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വിമാനം വാങ്ങാന്‍ ഫ്രാന്‍സുമായി കരാറൊപ്പിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഇതിനെ നിഷേധിച്ച ധനോവ താരതമ്യേന വില കുറഞ്ഞ കരാറാണ് ഇപ്പോഴത്തേതെന്ന് അടിവരയിടുന്നു. മുമ്പത്തെ കരാറിലുള്ളതിനേക്കാള്‍ വിലകുറച്ചാണ് ഇപ്പോള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിമാനം വാങ്ങുമ്പോള്‍ അതിന്റെ സാങ്കേതിക വിദ്യ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ക്ക് 58,000 കോടി രൂപയാണ് ചെലവിടുന്നത്. 36 റാഫേല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഒന്നര വര്‍ഷത്തിനകം ഇന്ത്യയ്ക്ക് ലഭിക്കും. അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. അത്യാധുനിക സംവിധാനങ്ങളുള്ള റാഫേല്‍ വിമാനം സ്വന്തമാകുന്നതോടെ വ്യോമാക്രമണശേഷിയില്‍ ഇന്ത്യ പാകിസ്ഥാനെ മറികടക്കും. കാലപ്പഴക്കം ചെന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പഴയ സോവിയറ്റ് യൂണിയന്‍ നിര്‍മിത ‘മിഗ് 21’ വിമാനങ്ങള്‍ക്ക് പകരമായാണ് റാഫേല്‍ എത്തുന്നത്. ദൃശ്യപരിധിക്കപ്പുറം ശേഷിയുള്ള മിറ്റിയോര്‍ മിസൈല്‍, ഡിസ്പ്‌ളേ സംവിധാനത്തോടെയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വ്യോമസേന നിര്‍ദേശിച്ച മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യക്കുവേണ്ടി 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിക്കുന്നത്.
Discussion about this post