ഡല്‍ഹി: രാജ്യത്ത് 2016-ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന് എടുത്തത് മാവോയിസ്റ്റ് ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 18 ശതമാനം കൂടുതല്‍ ആക്രമണങ്ങളാണ് ഇന്ത്യയിലുണ്ടായത്. ഭീകരാക്രമണത്തിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ എന്നും ഗ്ലോബല്‍ ടെറര്‍ ഇന്‍ഡെക്സ് വ്യക്തമാക്കുന്നു.
മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള റെഡ്കോറിഡോറിലാണ് ഏറ്റവും കൂടുതല്‍ ആള് നാശമുണ്ടായത്. രാജ്യത്ത് കഴിഞ്ഞവര്‍ഷം നടന്ന 929 ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 340 പേരില്‍ പകുതിയിലേറെ പേരും മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ചവരാണ്. ഇതില്‍ പകുതിയോളം പേരും പോലീസുകാരും നാട്ടുകാരുമാണ്. 2015-ല്‍ 800 ഭീകരാക്രണ സംഭവങ്ങളാണ് രാജ്യത്തുണ്ടായത്.
ഗ്ലോബല്‍ ടെറര്‍ ഇന്‍ഡെക്സ്(ജി.ടി.ഐ) ബുധനാഴ്ച പുറത്ത് വിട്ട കണക്കിലാണ് രാജ്യത്തെ മാവോവാദി ആക്രമണത്തിന്റെഭീകര മുഖം വെളിപ്പെടുന്നത്. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്റ് പീസ് ആണ് ഈ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഹാഫിസ് സായിദ് നേതൃത്വം നല്കുന്ന ലഷ്കര്‍ ഇ തൊയ്ബ നടത്തിയ 20 ഭീകരാക്രമണങ്ങളില്‍ 30 പേരാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മൂജാഹ്ദീന് നടത്തിയ അക്രമത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. കശ്മീര്‍ വിഷയത്തിലെ തര്‍ക്കമാണ് ഭീകരാക്രമണങ്ങള്‍ക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിലവില്‍ ഭീകരാക്രമണം ഏറ്റവും കൂടുതല്‍ ഇറാഖിലാണ്. അഫ്ഗാനിസ്താന്, നൈജീരിയ, സിറിയ, പാകിസ്താന്, യെമന്‍, സോമാലിയ എന്നിങ്ങനെയാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനക്കാര്‍.
Discussion about this post