കൊച്ചി: മരടില്‍ സിപിഎം വിട്ട് നേതാക്കളടക്കം 30 പേര് സിപിഐയില്‍ ചേര്‍ന്നു. സിപിഐയില്‍ വിഭാഗീയതയും അഴിമതിയും ചൂണ്ടിക്കാണിക്കുന്നതിനോടുള്ള നേതൃത്വത്തിന്റെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് മരടിലെ സിപിഎമ്മില്‍ നേതാക്കളടക്കമുള്ളവര്‍ കൂട്ടരാജി വെച്ച് സിപിഐയില്‍ ചേര്‍ന്നത്. മരട് ഈസ്റ്റ്, മരട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള നേതാക്കളും 4 വനിതാ പ്രവര്‍ത്തകരും ഉള്‍പ്പടെ 30 പേരാണ് രാജിവെച്ചത്.
സംസ്ഥാനത്തെ ഇടതു മുന്നണി സിപിഐ വളര്‍ത്തി വലുതാക്കിയ കുഞ്ഞാണെന്നും അതിനു ഗുണകരമാവാത്ത സിപിഎമ്മിന്റെ ജന്മിത്ത മനോഭാവം അനുവദിക്കില്ലെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് രാജു കുറ്റപ്പെടുത്തി. മരടില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപഐ ജില്ലാ സെക്രട്ടറി.
സ്വന്തം പാര്‍ട്ടിയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചവരോടു പോലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ് സിപിഎം എന്ന് രാജു കുറ്റപ്പെടുത്തി. സിപിഎം വിട്ട് സിപിഐയില്‍ എത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നേതൃത്വം പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ബംഗാള്‍ മോഡലില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ വികല നീക്കം അനുവദിക്കില്ലെന്ന് രാജു പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐ ഇടതുമുന്നണിയില്‍ ഉണ്ടാവില്ല എന്ന രീതിയിലാണ് ചില മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രസംഗിക്കുന്നത്. എല്‍ഡിഎഫ് സിപിഐ വളര്‍ത്തി വലുത്താക്കിയ കുഞ്ഞാണ്. സിപിഎമ്മിന്റെ ജന്മിത്ത മനോഭാവം അതിനു ഗുണകരമാവില്ലെന്ന് പി രാജു കുറ്റപ്പെടുത്തി.
മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുതിര്‍ന്ന പാര്‍ട്ടി സഖാവും നിലവില്‍ കുണ്ടന്നൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ സിപിഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും സിഡിഎസ് സെക്രട്ടറിയുമായിരുന്ന സംഗീത അജിത്ത്, നെട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.എസ്. വിനീഷ്, 1980 മുതല്‍ വിവിധ പാര്‍ട്ടി ചുമതലകള്‍ വഹിച്ചിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്‍.ഡി. വാസുദേവന്‍, ഡിവൈഎഫ്ഐ മരട്, നെട്ടൂര്‍ മുന്‍ മേഖല കമ്മിറ്റിയംഗങ്ങളായ കെ.കെ. ജയേഷ്, ജസ്സു ബുഹാരി, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്തരിച്ച പി.വി. ശശിയുടെ ഭാര്യ പുഷ്പവല്ലി എന്നിവരാണ് സിപിഎം വിട്ടവരില്‍ പ്രമുഖര്‍.
സിപിഎം വിട്ടുവന്നവര്‍ക്ക് സിപിഐ നേതൃത്വം നെട്ടൂരില്‍ വന്‍ സ്വീകരണ പരിപാടിയാണ് ഒരുക്കിയത്. നെട്ടൂര്‍ ധന്യാ ജംഗ്ഷനില്‍ നടന്ന സ്വീകരണ പരിപാടി സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി വിട്ടവര്‍ സ്വീകരണ സ്ഥലത്തേക്ക് നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ നിന്ന് പ്രകടനമായാണ് എത്തിച്ചേര്‍ന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ ഇനിയും പലരും സിപിഎം വിട്ട് സിപിഐയില്‍ ചേരുമെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.
Discussion about this post