മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ കുവൈത്തിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയതാണ് തഞ്ചാവൂര്‍ സ്വദേശി മാലതി. കുവൈത്തില്‍ ജയിലില്‍ കഴിയുന്ന മാലതിയുടെ ഭര്‍ത്താവ് അര്‍ജുനന്‍ അത്തി മുത്തുവിനെ രക്ഷിക്കാന്‍ ആവശ്യമായിരുന്നത് ഒരൊപ്പ് മാത്രമാണ്. ആ ഒപ്പിന് വില നിശ്ചയിച്ചത് 30 ലക്ഷം രൂപയാണ്. മുനവ്വറലി തങ്ങളുടെ ഇടപെടല്‍ മൂലമാണു നഷ്ടപരിഹാരം നല്‍കാന്‍ സാധിച്ചത്.
അര്‍ജുനന്റെ ഭാര്യ മാലതി കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ വീട്ടുകാര്‍ മാപ്പു നല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് കിട്ടും. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2013 സെപ്റ്റംബര്‍ 21 നായിരുന്നു സംഭവം. ഗൃഹനാഥന്‍ നഷ്ടപ്പെട്ട വാടകവീട്ടില്‍ താമസിക്കുന്ന കുടുംബം 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അഞ്ചുലക്ഷം രൂപ മാത്രം കൈയിലുണ്ടായിരുന്ന മാലതിക്കു ബാക്കിവേണ്ട തുക പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ടു സ്വരൂപിച്ചു നല്‍കി.
മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ മലപ്പുറം പ്രസ്ബി ക്ലബ്ബില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാലതിക്കു കൈമാറി. ഭര്‍ത്താവിന്റെ മോചനത്തിനു സഹായിക്കണമെന്നാവശ്യപ്പെട്ടു മാലതി മുനവ്വറലി തങ്ങളെ നേരിട്ട് കണ്ടപ്പോള്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ജിദ്ദ ആസ്ഥാനമായ സെഹ്‌റാന്‍ ഗ്രൂപ്പ്, എന്‍.എ. ഹാരിസ് ഫൗണ്ടേഷന്‍, എ.എം.പി. ഫൗണ്ടേഷന്‍, സ്റ്റര്‍ലിങ് ഇന്റര്‍നാഷനല്‍, സാലിം മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും പേര് ഒട്ടേറെ വ്യക്തികളും സഹായധനം നല്‍കി. തങ്ങളെ സഹായിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പാണക്കാട് കുടുംബത്തിനും നന്ദി പറഞ്ഞാണ് മാലതി മലപ്പുറത്തുനിന്നു മടങ്ങിയത്. കൊല്ലപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടകവീട്ടിലാണു താമസം.
Discussion about this post