ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന് തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ അറിയിച്ചത്. മാനുഷിക പരിഗണനയുടെ പേരിലാണ് ഇരുവര്‍ക്കും അനുമതി നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് 18 തവണ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ നവംബര്‍ 10ന് കുല്‍ഭൂഷന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുല്ഭൂഷണ് സാധാരണ തടവുകാര്‍ക്ക് നല്കുന്ന അവകാശങ്ങള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാല്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരില്‍ പാകിസ്ഥാന് ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാന്റെ പുതിയ നീക്കം.
കുല്ഭൂഷണ് യാദവിനെ 2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്ഥാനില്‍ നിന്ന് പാകിസ്ഥാന് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു യാദവെന്നാണ് പാകിസ്ഥാന്റെ ആരോപണം. തുടര്‍ന്ന് സൈനിക കോടതി യാദവിന് വധശിക്ഷ വിധിച്ചു. എന്നാല്‍, ഇന്ത്യ നല്കിയ ഹര്‍ജിയില്‍ മേയ് എട്ടിന് യാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു. മേയ് 18ന്, കേസില്‍ അന്തിമ വിധി വരുന്നത് വരെ യാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നാവികസേനയില്‍ നിന്നു വിരമിച്ച യാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം നടത്തിവരികയായിരുന്നെന്നും അദ്ദേഹത്തെ പാകിസ്ഥാന് തട്ടിക്കൊണ്ടു പോയെന്നുമാണ് ഇന്ത്യ ഉന്നയിക്കുന്നത്.
Discussion about this post