കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത പരസ്യചിത്ര സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ‘ഒടിയന്’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന് മാണിക്യനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ ഡിസംബര്‍ 12ന് രാവിലെ പത്തുമണിക്ക് പുറത്തിറങ്ങും.
ദുരൂഹതകളേറെയുള്ള ഒടിയനില്‍ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അറുതിവരുത്തി നേരത്തെ ലാല്‍ തേന്‍കുറിശ്ശിയില്‍ നിന്നുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 1950-നും 90-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.
ഡിസംബര്‍ പകുതിയോടെ ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാട് ആരംഭിക്കും. വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുന്ന ഒടിയന്റെ വേഷപ്പകര്‍ച്ചക്കായി ഒരു വിദേശ സംഘം തന്നെ ചിത്രീകരണത്തില്‍ ഉടനീളം കൂടെയുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ഒടിയന്റെ പോസ്റ്ററുകളും വിശേഷങ്ങളും നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റാണ്.
Discussion about this post