ജയ്പുര്‍: ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം സര്‍ക്കാര്‍ ലെറ്റര്‍ഹെഡുകളില്‍ ഔദ്യോഗിക ചിഹ്നത്തോടൊപ്പം ഉള്‍പ്പെടുത്താനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. ഇത്തരത്തില്‍ മാറ്റത്തിനൊരുങ്ങുന്ന ആദ്യ സര്‍ക്കാരാണ് ബിജെപി നേതൃത്വത്തിലുള്ള വസുന്ധര രാജെ സര്‍ക്കാര്‍.
നേരത്തെ, ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ മാതൃക ആരംഭിച്ചത്. രാജസ്ഥാന് മുഖ്യമന്ത്രിയുടെ ഓഫീസാണ് ലെറ്റര്‍ഹെഡില്‍ പടം ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് നീക്കം നടത്തുന്ന വിവരം രാജസ്ഥാന് സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചു.
ബിജെപി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ബുധനാഴ്ച ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ഈ വര്‍ഷം ജൂലൈയില്‍ എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളിലും ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Discussion about this post