മേട്ടുപ്പാളയം: വനപാലകരുടെയും നാട്ടുകാരുടെയും അബദ്ധം മൂലം വേര്‍പിരിയേണ്ടി വന്ന അമ്മയാനയും കുട്ടിക്കൊമ്പനും 72 മണിക്കൂറുകള്‍ക്ക് ശേഷം ഒന്നിച്ചു. കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ തേക്കംപട്ടി വനഭാഗത്താണ് സംഭവം.
ബുധനാഴ്ച രാവിലെ മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നു തേക്കംപട്ടിയിലേക്ക് പോകുന്ന റോഡിലാണ് സംഭവത്തിന്റെ തുടക്കം. റോഡിന്റെ ഒരു വശം നെല്ലിമല റിസര്‍വ് വനവും മറുഭാഗത്ത് കുറച്ചുതാഴെയായി ഭവാനിപുഴയുമാണുള്ളത്. വെള്ളംകുടിച്ച ശേഷം ഇറങ്ങിയ പിടിയാന റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുമ്പോഴാണ് സ്ഥലത്തെ കര്‍ഷകനായ ഗണേശന് ട്രാക്ടര്‍ ഓടിച്ചെത്തിയത്. റോഡിന് വശത്ത് നിന്ന ആന പോകാതെ നിന്നതോടെ പരിഭ്രാന്തിയിലായി ഗണേശന് ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്‍ മുഴുക്കിയും ആനയെ വിരട്ടാന്‍ ശ്രമിച്ചു. അതോടെ ശാന്തനായി നിന്ന ആന ട്രാക്ടര്‍ ലക്ഷ്യമാക്കി ഓടിവന്നു. ഇതോടെ ഗണേശനും കൂടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു. കലിപൂണ്ട ആന ട്രാക്ടറിനെയും ബൈക്കിനേയും മറിച്ചിടുകയും ചെയ്തു.
ഓടിരക്ഷപ്പെട്ടവര്‍ അടുത്തുള്ള നെല്ലിമല ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. അവരെത്തുമ്പോഴും ആന സംഭവസ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നു.ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനയെ വിരട്ടാനുള്ള ശ്രമം ഉണ്ടായതോടെ ആന വനപാലകരെയും വിരട്ടി. ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ട് ആശ്വാസം നില്‍ക്കുമ്പോഴാണ് ആന സ്ഥലത്ത് തമ്പടിച്ചതിന്റെ കാര്യം വനപാലകര്‍ അറിഞ്ഞത്. പുഴയുടെ വശത്തെ ചെറിയ വെള്ളച്ചാലില്‍ നിന്ന് കുഞ്ഞാനയുടെ നേര്‍ത്ത നിലവിളി കേട്ടപ്പോഴാണ് അമ്മയാന കലിപൂണ്ടതിന്റെ കാരണം ഇവരറിഞ്ഞത്. അമ്മയേയും കുഞ്ഞിനേയും കാര്യമറിയാതെ പിരിച്ച കാര്യം കോയമ്പത്തൂര്‍ ഡിഎഫ്ഒയ്ക്ക് മുന്പിലെത്തിയത്തോടെയാണ് കൂടിച്ചേരലിന് ആനപ്രേമികളും വനപാലകരും ഒന്നിച്ചിറങ്ങിയത്.
വിരട്ടിയ ആന വീണ്ടും തന്റെ ഒരുമാസം പ്രായമായ കുഞ്ഞാനയെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. മനുഷ്യമണം തുടര്‍ച്ചയായി ഏറ്റതോടെ അമ്മയാന എത്തില്ലെന്നറിഞ്ഞു ആനക്കുട്ടിയെ കുറച്ചകലെയായി വിട്ടയച്ച് കാത്തിരുന്നതിന് വിരാമമായത് വ്യാഴാഴ്ച വൈകീട്ടോടെയാണ്. ഇരുട്ടായപ്പോള്‍ എത്തിയ അമ്മ കുഞ്ഞിനെ കണ്ടയുടന്‍ വാത്സല്യം കൊണ്ട് ഓടിയെത്തിയതോടെ കണ്ണ് നിറഞ്ഞത് വനപാലകര്‍ക്കാണ്.അതുവരെ എല്ലാവരുടെയും ഓമനയായിമാറിയ ആനകുഞ്ഞിന് ലാക്ടോജനും പാലും കുപ്പിയിലാക്കി നല്കി അമ്മയെ പോലെ പരിപാലിക്കുകയായിരുന്നു ജീവനക്കാര്‍.
Discussion about this post