സീറോ മലബാര്‍ സഭയില്‍ കോടികളുടെ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു വൈദികരെ സഭ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താന്‍ തീരുമാനിച്ചു. ഫിനാന്‍സ് ഓഫീസറായിരുന്ന ഫാ. ജോഷി പുതവയെയും മോണ്‍. സെബാസ്റ്റ്യന്‍ വടക്കും പാടനെയുമാണ് ചുമതലകളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. സഭയില്‍ നടന്ന ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ അഴിമതി കണ്ടെത്തി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാനന്‍, സിവില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
സാമ്പത്തിക നഷ്ടം മാത്രമല്ല, ധാര്‍മ്മിക വീഴ്ചകളും ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. ഈ ആരോപണങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.്. ധാര്‍മ്മിക വീഴ്ചകള്‍ കര്‍ദ്ദിനാളിനും ഉണ്ടായിട്ടുണ്ടെന്ന് സഭയില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വത്തിക്കാന് നേരിട്ട് അയക്കാനാണ് വൈദിക സമിതിയുടെ നീക്കം.
മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ സ്ഥാനത്തുനിന്നു മാറണമെന്ന ആവശ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എറണാകുളംഅങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം നടത്തിയ നീക്കമാണ് അഴിമതിയില്‍ കലാശിച്ചത്. മെഡിക്കല്‍ കോളജ് പദ്ധതിക്കെതിരെ സഭയ്ക്കുള്ളിലെ ഭൂരിഭാഗം വൈദികരും എതിര്‍ത്തിരുന്നു. ഇതു തള്ളിയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി സഭ വാങ്ങുന്നത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് പദ്ധതിയുമായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയില്ല. എന്നാല്‍ മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തില്‍ എടുത്ത 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ഈ കടം സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു വീട്ടാന്‍ വൈദിക സമിതി യോഗം തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്,എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം 27 കോടിക്കു ഭൂമി വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ സഭയ്ക്ക് ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവും നല്‍കിയിരുന്നു. എന്നാല്‍ പണം എല്ലാം ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കിയെന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്
Discussion about this post