വിശാഖപട്ടണം: ജനറല്‍ സെക്രട്ടറിയെച്ചൊല്ലി പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നത ഉണ്ടായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഭിപ്രായ ഭിന്നതക്കൊടുവില്‍ പാര്‍ട്ടി യോജിപ്പിലെത്തി. വോട്ടെടുപ്പ് നടന്നിരുന്നെങ്കിലും അതില്‍ അപാകത ഇല്ലായിരുന്നെന്നും യെച്ചൂരി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് തടയാന്‍ ചിലര്‍ ശ്രമിച്ചോ എന്ന ചോദ്യം പ്രസക്തമല്ലെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് തിരുത്തുമെന്നും യെച്ചൂരി പറഞ്ഞു.
രാഷ്ട്രീയം മാറുന്നതിന് അനുസരിച്ച് അടവുനയവും മാറും. ചില വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കും. വി എസ് തനിക്ക് ആശംസയര്പ്പിച്ചതില് അപാകതയില്ലെന്നും യെച്ചൂരി പറഞ്ഞു. വി എസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടരണമെന്നും യെച്ചൂരി പറഞ്ഞു.
പിണറായി വിജയനുമായി വ്യക്തിപരമായ ശത്രുതയില്ലെന്നും യെച്ചൂരി വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണോ എന്ന് പാര്‍ട്ടി ഉചിത സമയത്ത് തീരുമാനിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
നേരത്തെ വിഎസ് യെച്ചൂരിയ്ക്ക് ആശംസ നേര്‍ന്നത് പാര്‍ട്ടിയില്‍ പതിവുള്ള രീതിയില്ലെന്ന് എസ്ആര്‍പി ആരോപിച്ചിരുന്നു. എന്നാല്‍ ആശസംസയില് തെറ്റില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഭിന്നതയുണ്ടായിരുന്നുവെന്ന യെച്ചൂരിയുടെ തുറന്ന് പറച്ചില് സിപിഎമ്മില്‍ പതിവില്ലാത്തതാണ്. സിപിഎമ്മിന്റെ മാധ്യമങ്ങളോടുള്ള സമീപനം മാറുന്നുവെന്നതിന്റെ സൂചനായും യെച്ചൂരിയുടെ തുറന്ന് പറച്ചിലിനെ വിലയിരുത്തുന്നുണ്ട്.
Discussion about this post