കൊച്ചി: പാറ്റൂര്‍ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സമൂഹത്തില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളാണ് വസ്തുതകളെന്ന പേരില്‍ ജേക്കബ് തോമസ് സമര്‍പ്പിച്ചത്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചാല്‍ താനൊഴികെ ഉള്ള ബാക്കി എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന് തോന്നുമെന്നും കോടതി വിമര്‍ശിച്ചു.
പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി ഇന്ന് പരിഗണിച്ചത്. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്മേല് ഹൈകോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നല്കാന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശദീകരണം വൈകിയ സാഹചര്യത്തില്‍ ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പാറ്റൂര്‍ കേസിലെ ഭൂമി പതിവ് രേഖകള്‍ പൂര്‍ണ്ണമാണ് എന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു.
Discussion about this post