ഡല്‍ഹി : കള്ളപ്പണം നിക്ഷേപം തടയുന്നതിനായി ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭയില്‍ .വിദേശത്തേക്ക് കള്ളപ്പണം കടത്തുകയോ വിദേശത്തെ നിക്ഷേപം മറച്ചുവയ്ക്കുകയോ ചെയ്താല്‍ 10 വര്‍ഷത്തെ കഠിനതടവാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബില്ലിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തമാണ്.ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്നാണ് പല എം.പിമാരുടെയും ആവശ്യം. നിയമം ദുരുപയോഗപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ വെള്ളം ചേര്‍ക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, ബില്‍ സമിതിക്ക് വിടാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരില്‍ വ്യവസായികള്‍ക്ക് പുറമേ രാഷ്ട്രീയക്കാര്‍ മുതല്‍ കള്ളക്കടത്തുകാര്‍ വരെയുണ്ട്.വിദേശത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് കൃത്യമായ കണക്കില്ല. 2011ല്‍ മാത്രം 5.25 ലക്ഷം കോടിരൂപയുടെ കള്ളപ്പണം പുറത്തേക്ക് പോയെന്നാണ് ഒരു കണക്ക്. 2002 നും 2011 നുമിടയില്പുറത്തേക്ക് പോയ കള്ളപ്പണം 15.7 ലക്ഷം കോടി രൂപ! സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം കുറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി കള്ളപ്പണം കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചതോടെ രഹസ്യ അക്കൗണ്ടുകള്‍ അനുവദിക്കുന്ന മറ്റ് രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് തുക മാറ്റുകയായിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ ആരോപണം നരേന്ദ്രമോദി സര്‍ക്കാര്‍ വ്യവസായികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ്. ഈ ആരോപണത്തിന്റെ മുന ഒടിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കള്ളപ്പണക്കാരുടെ ശിങ്കിടികളായി ചിത്രീകരിക്കപ്പെടും.
ധനബില്‍ ആയി ലോക്സഭാ സ്പീക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ധനബില്‍ ലോക്സഭ പാസാക്കിയാല്‍ രാജ്യസഭയുടെ അംഗീകാരം നിര്‍ബന്ധമല്ല. 14 ദിവസത്തിനകം പരിഗണിച്ചില്ലെങ്കില്‍ ധനബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ട ആവശ്യം പോലുമില്ല. ലോക്സഭയില്‍ മോദി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്.
Discussion about this post