തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാരിനെ വിമര്‍ശിച്ച് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി.
നേരത്തെ, സര്‍ക്കാരിനെതിരെ നടത്തിയ രൂക്ഷവിമര്‍ശനങ്ങളെത്തുടര്‍ന്ന് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇതിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പ്രസംഗം സംബന്ധിച്ചാണ് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നത്. ഓഖി ദുരന്തം സംബന്ധിച്ചുള്ള പ്രസംഗത്തില്‍ താന്‍ പറഞ്ഞത് വസ്തുതകളാണെന്നായിരുന്നു ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കു നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നത്. ഓഖി സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച തീയതിയടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെന്നും ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും സര്‍ക്കാരിന് അറിയില്ലെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശനം. പണക്കാരുടെ മക്കളെ ആയിരുന്നു കാണാതായിരുന്നതെങ്കില്‍ ഇതാകുമായിരുന്നോ സര്‍ക്കാരിന്റെ സമീപനമെന്നു ചോദിച്ച ജേക്കബ് തോമസ് ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചതെന്നും പറഞ്ഞിരുന്നു.
സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നും ജേക്കബ് തോമസ് വിമര്‍ശനമുന്നയിച്ചിരുന്നു. താന്‍ പറഞ്ഞതെല്ലാം വസ്തുതപരമെന്നായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം
Discussion about this post