പിറവം: ബിജെപി നേതാവും യുവമോര്‍ച്ച മുവാറ്റുപുഴ മണ്ഡലം കമ്മറ്റി പ്രസിഡണ്ടുമായ അരുണ്‍ പി മോഹനന് വധ ഭീഷണി. വീടിന് മുന്നില്‍ റീത്തുവച്ച് സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നാണ് ഭീഷണി. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അരുണിന്റെ വീടിന് മുന്നില്‍ റീത്തും, ഭീഷണി കത്തും കണ്ടത്. സംഘടന പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ഈ റീത്ത് നിന്റെ നെഞ്ചില്‍ വെക്കുമെന്നാണ് കത്തിലെ ഭീഷണി. കൂടുതല്‍ പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് മുന്നറിയിപ്പെന്നും, കെട്ടിപെറുക്കി വേഗം സ്ഥലം വിടണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുറച്ചിടെയായി സിപിഎം കൂത്താട്ടുകുളം ഏരിയാ കമ്മറ്റിക്ക് കീഴിലുളള പാലപ്പുഴയില്‍ സിപിഎം സംഘടനാ നേതൃത്വം നിഷേധിക്കുകയാണെന്ന ആക്ഷേപമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കൂത്താട്ടുകുളത്ത് പുതിയ സിപിഎം ഏരിയാ സെക്രട്ടറിയുടെ കീഴില്‍ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനാണ് ശ്രമമെന്നും ബിജെപി ആരോപിക്കുന്നു.
കൂത്താട്ടുകുളം ഏരിയ കമ്മറ്റിക്ക് കീഴിലുള്ള മണീട്, ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയെന്ന പരാതി ഉയര്‍ന്നിരുന്നു.
Discussion about this post