2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സായ്യിദിനെ പാകിസ്ഥാന് സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ലാഹോര്‍ ഹൈക്കോടതി വിലക്കി. ജനുവരി 23ന് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ഹാഫിസ് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാക്ക് ഭരണകര്‍ത്താക്കള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മര്‍ദ്ദത്തിലാണെന്ന് ഹാഫിസ് വാദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ഹൈക്കോടതി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഏപ്രില്‍ 4നുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഹാഫിസ് സയ്യിദിനെ 2012ല്‍ ഒരു തീവ്രവാദിയായി അമേരിക്ക പ്രഖ്യാപിക്കുകയും 10 മില്ല്യണ്‍ ഡോളര്‍ പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ 2014ല്‍ ഹാഫിസ് സയ്യിദിന്റെ ജമാഅത്ത് ഉദ്ദ് ദവയെ ഒരു വിദേശ തീവ്രവാദ സംഘടനയായും പ്രഖ്യാപിച്ചിരുന്നു.
Discussion about this post