തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി: ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് കത്തു നല്‍കി. ജഡ്ജിമാരായ പി. ഉബൈദ്, ഏബ്രഹാം മാത്യു, ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുഖാന്തിരം നല്‍കിയ പരാതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചുകൊടുത്തു.
വിജിലന്‍സ് അന്വേഷിച്ച പ്രധാനപ്പെട്ട കേസുകളെല്ലാം പരിഗണിച്ചത് ഇവരുടെ ബെഞ്ചുകളാണ്. ഇവര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചു. തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുണ്ട്. ജഡ്ജിമാരെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ആവശ്യമായ തെളിവുകള്‍ നല്‍കാന്‍ തയാറാണ്. പരാതിയിന്മേല്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു
വിജിലന്‍സിന്റെ കേസുകളെ ഈ ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടലുകള്‍ ദുര്‍ബലമാക്കിയെന്നും ജുഡീഷ്യറിയുടെ അധികാരം ദുരുപയോഗിക്കപ്പെടുന്നു എന്നും കത്തില്‍ ജേക്കബ് തോമസ് പറയുന്നു. കോടതിയില്‍നിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ അന്വേഷണോദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല, വസ്തുതകള്‍ നിരത്തുകയാണെന്നു വ്യക്തമാക്കിക്കൊണ്ട് നിരവധി കേസുകളുടെ കാര്യം കത്തില്‍ അക്കമിട്ടുപറയുന്നു.
പാറ്റൂര്‍ കേസ്, ബാര്‍ കോഴ, കെ.എം മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ്, കണ്ണൂര്‍ സ്‌കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട കേസ്, ഇ.പി. ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസ് തുടങ്ങിയവ പരിഗണിക്കുമ്പോള്‍ തനിക്കെതിരെ കോടതി നിലപാടെടുത്തു. തന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണു പരാമര്‍ശങ്ങളുണ്ടായത്. കോടതിയുടെ നിലപാടുകള്‍ സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി.
Discussion about this post