മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജഡ്ജിമാര്‍ക്കെതിരെ ജേക്കബ് തോമസ് വിമര്‍ശനം നടത്തിയിട്ടില്ല സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി കത്തയച്ചു.
വിജിലന്‍സിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം അഴിമതിയായി ചിത്രീകരിച്ചതാണ് ജേക്കബ് തോമിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്. മുമ്പ് പാറ്റൂര്‍ കേസ് പരിഗണിച്ച സമയത്ത് ജസ്റ്റിസുമാരായ പി ഉബൈദും, എബ്രഹാം മാത്യുവും വിജിലന്‍സ് ഡയറക്ടറും സംഘവും നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ചീഫ് സെക്രട്ടറി മുഖേന ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. ഈ പരാതി വിവാദമായതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി മുതിര്‍ന്നത്.
കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണകളിലൊന്നും അദ്ദേഹം പങ്കെടുക്കാത്തതിനാല്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നായിരുന്നു കേസ് വീണ്ടും പരിഗണിക്കുന്ന ദിവസം. എന്നാല്‍ ഇന്നും ജേക്കബ് തോമസ് ഹാജരായിരുന്നില്ല. ഇതിനു പിന്നാലെയാണ് കേസില്‍ സുപ്രീംകോടതിയുടെ സ്റ്റേ വരുന്നത്.
Discussion about this post