യുപിയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി തങ്ങളാണെന്ന അവകാശ വാദവുമായി ബിഎസ്പി രംഗത്തെത്തി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളില്‍ നാല്പതും മത്സരിക്കുമെന്നാണ് സഖ്യകക്ഷികളാകുമെന്ന് കരുതുന്ന എസ്പിൃആര്എല്ഡി കക്ഷികള്‍ക്ക് മുന്നിലുള്ള മായവതിയുടെ പ്രഖ്യാപനം.
കൈരാനാ മോഡലിലുള്ള തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് സമാജ് വാദി പാര്‍ട്ടി ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് തങ്ങള്‍ക്ക് മത്സരിക്കാന്‍ നാല്പത് സീറ്റ് വേണമെന്ന് ബിഎസ്പി പറയുന്നത്. തങ്ങളാവശ്യപ്പെടുന്ന സീറ്റ് നല്കുമെങ്കില് സഖ്യം പരിഗണിക്കാം എന്നാണ് മായാവതി നേരത്തെ മുതല്‍ പറയുന്നത്.
യുപിയില്‍ ബിജെപിക്കെതിരെ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ്-ആര്‍എല്‍ഡി സഖ്യം വരുമെന്ന വിലയിരുത്തലാണ് കൈരാന തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായത്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താനായത് സഖ്യ പരീക്ഷണത്തിന്റെ വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിന് കൈരാന വിജയത്തില്‍ കാര്യമായ സന്തോഷമൊന്നുമില്ലെന്ന് അവരുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായിരുന്നു.
ബിഎസ്പിയുടെ കൂടെയുള്ള ദളിത്-മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണെന്നും സഖ്യത്തിലെ കറുത്ത കുതിര തങ്ങളാണെന്നും ആണ് മായവതിയുടെ മനസ്സിലിരുപ്പ്. എന്നാല്‍ സ്വന്തം ശക്തി മറന്നുള്ള വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാവേണ്ട എന്നാണ് മുലായം സിംഗ് യാദവിന്റെ നിലപാട്. സഖ്യം എസ്പിയുടെ മാത്രം ബാധ്യതയല്ല എന്ന് എല്ലാവരും ഓര്‍ക്കണമെന്നാണ് മുലായവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. വിഷയത്തില്‍ എടുത്തുചാടിയുള്ള അഖിലേഷ് യാദവിന്റെ പ്രസ്താവനകള്‍ മുലായത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
Discussion about this post