സിപിഎം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യത്തില്‍ ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിലെ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കണ്ടെത്തിയത്. ശിക്ഷ പിന്നീട് വിധിക്കും.
സിപിഎം പ്രവര്‍ത്തകരായ പൈങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്, ചെമ്മേരി പ്രകാശന്, മണോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ജിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവരാണ് കേസിലെ പ്രതികള്‍. സിപിഎം പ്രവര്‍ത്തകനായ കൊല്ലപ്പെട്ട മഹേഷ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധം കാരണം പ്രതികള്‍ മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന് കേസ്.
18 സാക്ഷികളെ പ്രൊസിക്യൂഷന് ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കി. 2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം.
തലശ്ശേരിയില്‍ ആര്‍എസ്എസ് നേതാവായിരുന്ന എംപി സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മേഖലയില്‍ നടന്ന കൊലപാതക പരമ്പരക്കിടെയാണ് മഹേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. മാര്‍ച്ച് അഞ്ചിന് നടന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം-ബിജെപി ആഹ്വാനം ചെയ്ത കണ്ണൂര്‍ ജില്ലാ ഹര്‍ത്താല്‍ ദിവസാണ് മഹേഷിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. കേസിലെ ദൃക്സാക്ഷികളുള്‍പ്പെടെ ചിലര്‍ വിചാരണ കോടതി മുമ്പാകെ കൂറുമാറിയിരുന്നു
Discussion about this post