മെത്രാന്മാര്ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. സ്ത്രീകളും കുട്ടികളുമായി പരിധിവിട്ട് സംസാരിക്കരുത്, ഇടപെടരുത് എന്നിവയായിരിക്കും പെരുമാറ്റച്ചട്ടം. ഇതിന്റെ കരട് രൂപരേഖ വരും ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെടും. ഇത് തയ്യാറാക്കാനായി മെത്രപ്പോലീത്തമാരായ സഖറിയാസ് മാര്‍ നിക്കോളവാസ്, മാത്യൂസ് മാര്‍ സേവെറിയോസ് എന്നിവരെ കോട്ടയം ദേവലോകം അരമനയില്‍ നടക്കുന്ന സുന്നഹദോസ് ചുമതലപ്പെടുത്തി. രൂപരേഖക്ക് അംഗീകാരം ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും നല്‍കുക.
വൈദികര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പെരമാറ്റച്ചട്ടം കൊണ്ടുവരുന്നത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്ക് സഭ വിലക്ക് നല്‍കിയിരുന്നു. ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. അത് വരെ വിലക്ക് തുരുമെന്നും സഭ പറഞ്ഞു. അതേസമയം ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ ഇവരെ സംരക്ഷിക്കുമെന്നും സഭ വ്യക്തമാക്കി.
ഇത് കൂടാതെ അമേരിക്കയിലെ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തവയാണെന്നും സഭ പറഞ്ഞു. ഈജിപ്ത്തിലെ കൈറോയില്‍ നടക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് പാര്‍ത്രിയാര്‍ക്കീസ് ബാവമാരുടെ യോഗത്തിലേക്കുള്ള ക്ഷണവും സഭ ചര്‍ച്ച ചെയ്തു. യാക്കോബായ സഭ ആദ്യം സുപ്രിംകോടതി വിധി അംഗീകരിക്കണമെന്ന നിലപാട് ഇവര്‍ക്ക് മുന്നില്‍ വെക്കണമെന്നാവശ്യം യോഗത്തില്‍ ഉയര്‍ന്നു. കാതോലിക്ക ബാവ ഇതില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് പൊതുവികാരം.
Discussion about this post