പീഡനാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കന്യാസ്ത്രീയ്ക്ക് തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് പീഡന പരാതി നല്‍കിയതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. കന്യാസ്ത്രീ കള്ളക്കഥകള്‍ മെനയുകയാണെന്നും ബിഷപ്പ് ആരോപിക്കുന്നു. പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്നും അപേക്ഷയില്‍ പറയുന്നു.
കന്യാസ്ത്രീയുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്ന് കന്യാസ്ത്രിയും ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നും കേരളത്തിലെത്തിയാല്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെന്നും ബിഷപ്പ് ആരോപിച്ചു.
അതേസമയം താന്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും തന്നെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബിഷപ്പ് പറഞ്ഞു.
Discussion about this post