കന്യാസ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് പാഡുകള്‍ നിഷേധിക്കപ്പെടുന്നുവെന്ന് സഭയുടെ തന്ന മാസിക വ്യക്തമാക്കുന്നു. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തുജ്യോതി പ്രൊവിന്‍സ് പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റ്സ്’ എന്ന് ഇംഗ്ലീഷ് വാരികയാണ് മഠങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാണിച്ചിരിക്കുന്നത്.
‘ബി ഹ്യുമെയിന്‍ ആന്‍ഡ് ഹോളി’ എന്ന പേരില്‍ പുറത്തിറങ്ങിയ ലക്കത്തില്‍ സാനിറ്ററി നാപ്കിനുകള്‍ കന്യാസ്ത്രകീള്ക്ക് നിഷേധിക്കപ്പെടുന്നുവെന്നും ഇത് മൂലം ആര്‍ത്തവകാലത്ത് ശുചിത്വമില്ലാത്ത രീതികളാണ് കന്യാസ്ത്രീകള്‍ സ്വീകരിക്കേണ്ടി വരുന്നതെന്നും മാസികയില്‍ പറയുന്നു. സാനിറ്ററി പാഡുകള്‍ക്ക് പകരം തുണി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവര്‍ എന്നും ചീഫ് എഡിറ്റര്‍ ഡോക്ടര്‍ സുരേഷ് മാത്യു മാസികയില്‍ പറയുന്നു.
ഇത് കൂടാതെ മഠങ്ങളില്‍ നടക്കുന്ന മറ്റ് ക്രൂരതകളെപ്പറ്റിയും മാസികയില്‍ വിമര്‍ശനമുണ്ട്. കന്യാസ്ത്രീകള്‍ മഠങ്ങളില്‍ ദുരിതമനുഭവിക്കുകയാണെന്നും സഭ പുരുഷ മേധാവിത്വം നിറഞ്ഞതാണെന്നും മാസികയില്‍ പറയുന്നു. വരുമാനം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കന്യാസ്ത്രീ മഠങ്ങളില്‍ വലുതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും കോണ്‍വെന്റുകളില്‍ നിഷേധിക്കപ്പെടുന്നു. ബിഷപ്പുമാര്‍ക്കും മറ്റും ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് കന്യാസ്ത്രീകളാണ്. ഫ്രാന്‍സീസ് മാര്‍പാപ്പ വന്നതിന് ശേഷം കന്യാസ്ത്രീകളെ വേലക്കാരികളായി ചൂഷണം ചെയ്യുന്ന പതിവ് നിര്‍ത്തലാക്കിയെന്നും മാസിക ചൂണ്ടിക്കാട്ടുന്നു.
സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തെപ്പറ്റിയും മാസികയില്‍ പരാമര്‍ശമുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ സഭയും സമിതികളും മൗനം പാലിക്കുകയാണെന്നും ഫ്രാങ്കോ സഭയുടെ മകനാണെങ്കില്‍ പരാതിക്കാരിയായ കന്യാസ്ത്രീ സഭയുടെ മകളാണെന്നും എഡിറ്റോറിയല്‍ പറയുന്നു.
സഭയെ ചുറ്റിപ്പറ്റിയുള്ള പീഡന കേസുകളില്‍ അന്വേഷണം നടത്താന്‍ അധികാരികള്‍ താമസിക്കുന്നതിനെപ്പറ്റിയും വിമര്‍ശനമുണ്ട്. ലൈംഗിക ദുരുപയോഗങ്ങള്‍ പരസ്യമാക്കുന്നതിന് ധൈര്യം വേണമെന്നും തുറന്ന് പറയുവാന്‍ ചിലരെങ്കിലും മുന്നോട്ട് വരുന്നത് ആശ്വാസകരമാണെന്നും ഫാ. ജോസ് വള്ളിക്കാട് മാസികയില്‍ എഴുതുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ മെത്രാന്മാര് മൗനം പാലിക്കുന്നത് നന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
Discussion about this post